പല്ലി വീണ ഭക്ഷണം കഴിച്ചു; വിവാഹത്തിനെത്തിയ അതിഥികള്‍ കൂട്ടത്തോടെ ആശുപത്രിയില്‍ ചികിത്സയില്‍

വിവാഹ ചടങ്ങിനെത്തിയ 70ഓളം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്.

ഡുംക: വിവാഹാഘോഷത്തിനെത്തിയ അതിഥികള്‍ പല്ലി വീണ ഭക്ഷണം കഴിച്ച് ആശുപത്രിയിലായി. വിവാഹ ചടങ്ങിനെത്തിയ 70ഓളം പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ജാര്‍ഖണ്ഡിലെ ചന്ദന്‍ പഹാരി ഗ്രാമത്തിലാണ് സംഭവം.

കഴിഞ്ഞദിവസം നടന്ന വിവാഹ പാര്‍ട്ടിക്കിടെ പല്ലി വീണ ഭക്ഷണം കഴിച്ചവര്‍ അസ്വസ്ഥത പ്രകടിപ്പിച്ചതോടെയാണ് ഉടന്‍ തന്നെ ജഗ്മുണ്ടി ആശുപത്രിയിലേക്ക് എത്തിച്ചത്. പ്രാഥമിക ശുശ്രൂഷ നല്‍കിയതിനു ശേഷം ഇവരെ സര്‍ദാര്‍ ആശുപത്രിയിലേക്ക് തുടര്‍ ചികിത്സയ്ക്കായി മാറ്റി. പ്രവേശിപ്പിക്കപ്പെട്ട 70ഓളം പേരെ ചികിത്സിക്കുന്നതിനായി ഡോക്ടര്‍മാരുടെ ഏഴോളം സംഘത്തെ നിയോഗിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള മുഴുവന്‍ പേരും അപകടനില തരണം ചെയ്തതായി പോലീസ് സൂപ്രണ്ട് വൈഎസ് രമേഷ് അറിയിച്ചിട്ടുണ്ട്.

അതിഥികളായി എത്തിയവര്‍ ഭക്ഷണം കഴിക്കവെയാണ് വിളമ്പുന്ന ഭക്ഷണത്തില്‍ നിന്നും ചത്ത പല്ലിയെ കണ്ടെത്തിയത്. പല്ലിയെ കണ്ടതോടെ ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവര്‍ പരിഭ്രാന്തരാവുകയും ഛര്‍ദ്ദിയും മറ്റ് അസ്വസ്ഥതകള്‍ പ്രകടിപ്പിക്കുകയുമായിരുന്നു.

അതേസമയം, പല്ലികള്‍ക്ക് വിഷമില്ലെന്നും പല്ലി വീണ ഭക്ഷണം കഴിച്ചവര്‍ക്ക് അസ്വസ്ഥത പ്രകടമായത് മാനസികമായ പ്രതിഫലനം മാത്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ക്ക് വിശദമായ ബോഡി ചെക്കപ്പ് നടത്തിയെന്നും ആരിലും വിഷാംശം കണ്ടെത്താനായില്ലെന്നും ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version