‘ ഇത് മനുഷ്യത്വത്തിനേറ്റ കളങ്കം’ ; ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

റാഞ്ചി: ഝാര്‍ഖണ്ഡ് ആള്‍ക്കൂട്ട കൊലപാതകത്തില്‍ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഝാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട കൊലപാതകം മനുഷ്യത്വത്തിനേറ്റ കളങ്കമാണെന്നും അധികാരികളുടെ നിശബ്ദത തന്നെ ഞെട്ടിക്കുന്നതാണെന്നും രാഹുല്‍ ആരോപിച്ചു. മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ തബ്രെസ് അന്‍സാരിയുടെ കൊലപാതകത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ബിജെപി ഭരിക്കുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിശബ്ദതയെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.

ജൂണ്‍ 18നാണ് 24കാരനായ തബ്രെസ് അന്‍സാരിയെ മോഷണക്കുറ്റം ആരോപിച്ച് ആള്‍ക്കൂട്ടം ആക്രമിച്ചത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അന്‍സരി ജൂണ്‍ 22 ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. തബ്രെസ് അന്‍സാരിയെ ആള്‍ക്കൂട്ടം ആക്രമിക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒരാള്‍ അന്‍സാരിയെ മരത്തിന്റെ വടി ഉപയോഗിച്ച് മര്‍ദ്ദിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. മറ്റൊരു വീഡിയോയില്‍ തബ്രെസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം എന്നും ജയ് ഹനുമാന്‍ എന്നും വിളിപ്പിക്കുന്നുമുണ്ട്.

സംഭവത്തില്‍ പ്രതികളിലൊരാളായ പപ്പു മണ്ഡാലിനെ പോലീസ് അറസ്റ്റ് ചെയ്തു. പൂണെയില്‍ വെല്‍ഡര്‍ ആയി ജോലി ചെയ്യുന്ന തബ്രെസ് അന്‍സാരി കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാന്‍ വേണ്ടിയാണ് ഝാര്‍ഖണ്ഡിലെ ഗ്രാമത്തിലെത്തിയത്. അന്‍സാരിയുടെ വിവാഹവും നിശ്ചയിച്ചിരുന്നു.

Exit mobile version