ചന്ദ്രബാബു നായിഡുവിന്റെ അഭ്യര്‍ത്ഥന തള്ളി; പ്രജാവേദിക കെട്ടിടം പൊളിച്ചു തുടങ്ങി

മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡി കെട്ടിടം പൊളിച്ചു നീക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു

ഹൈദരാബാദ്: നിയമങ്ങള്‍ ലംഘിച്ച് നിര്‍മ്മിച്ച ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ പ്രജാവേദിക എന്ന കെട്ടിടം പൊളിച്ചു തുടങ്ങി. മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡി കെട്ടിടം പൊളിച്ചു നീക്കാന്‍ കഴിഞ്ഞ തിങ്കളാഴ്ച ഉത്തരവിട്ടിരുന്നു. ഇതേതുടര്‍ന്നാണ് പൊളിച്ചുനീക്കല്‍ പ്രവൃത്തികള്‍ ആരംഭിച്ചത്.

എട്ടുകോടിയോളം രൂപ ചെലവഴിച്ച് ചന്ദ്രബാബുനായിഡുവിന്റെ വസതിയോട് ചേര്‍ന്നാണ് പ്രജാവേദിക എന്ന കെട്ടിടം പണികഴിപ്പിച്ചത്. എന്നാല്‍ നിയമങ്ങള്‍ ലംഘിച്ചെന്നും നിര്‍മ്മാണത്തില്‍ അഴിമതിയുണ്ടെന്നും സര്‍ക്കാര്‍ കണ്ടെത്തിയതോടെ കെട്ടിടം പൊളിച്ചു നീക്കാന്‍ മുഖ്യമന്ത്രി വൈഎസ് ജഗന്മോഹന്‍ റെഡ്ഡി ഉത്തരവിടുകയായിരുന്നു.

പ്രതിപക്ഷ നേതാവിന്റെ അനക്‌സ് ആയി പ്രജാവേദിക അനുവദിക്കണമെന്ന് നിലവില്‍ പ്രതിപക്ഷ നേതാവായ ചന്ദ്രബാബു നായിഡു അഭ്യര്‍ത്ഥിച്ചിരുന്നു. എന്നാല്‍ ഈ അഭ്യര്‍ത്ഥന തള്ളിയ വൈഎസ് ജഗന്മോഹന്‍ റെഡ്ഡി കെട്ടിടം പൊളിക്കാന്‍ ഉത്തരവിട്ടു. ഇത്തരത്തില്‍ സാധാരണക്കാര്‍ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചാല്‍ സ്വീകരിക്കുന്ന നടപടികളാണ് പ്രജാവേദികയുടെ കാര്യത്തിലും സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Exit mobile version