യാത്രയ്ക്കിടെ ഉറങ്ങിപ്പോയി; വിളിച്ചുണര്‍ത്താതെ ലൈറ്റും ഓഫ് ചെയ്ത് ജീവനക്കാര്‍ സ്ഥലം വിട്ടു; യുവതി വിമാനത്തില്‍ കുടുങ്ങിയത് മണിക്കൂറുകളോളം

ടിഫാനി ആഡംസ് എന്ന യുവതിയാണ് വിമാനത്തില്‍ തനിച്ചായി പോയത്

ഓട്ടവ: യാത്രയ്ക്കിടെ വിമാനത്തില്‍ ഉറങ്ങിപ്പോയ യുവതിയെ വിളിച്ചുണര്‍ത്താതെ ജീവനക്കാര്‍ സ്ഥലം വിട്ടു. എയര്‍ കാനഡ വിമാനത്തില്‍ കാനഡയിലെ ക്യുബെക് നഗരത്തില്‍ നിന്ന് ടൊറന്റോയിലേക്ക് യാത്ര ചെയ്ത യുവതിയാണ് ലാന്‍ഡ് ചെയ്തതറിയാതെ വിമാനത്തില്‍ ഉറങ്ങിപ്പോയത്.

ടിഫാനി ആഡംസ് എന്ന യുവതിയാണ് വിമാനത്തില്‍ തനിച്ചായി പോയത്. യാത്രചെയ്യുന്നതിനിടെ ബുക്ക് വായിച്ചിരുന്ന ടിഫാനി ഉറങ്ങിപ്പോയി. വിമാനത്താവളത്തിലെത്തിയിട്ടും ടിഫാനി ഉറക്കമുണര്‍ന്നില്ല. യാത്രക്കാര്‍ എല്ലാവരും ഇറങ്ങിപ്പോയെന്ന് കരുതിയ വിമാനജീവനക്കാര്‍ ടിഫാനിയെ ശ്രദ്ധിക്കാതെ വിളക്കണച്ച് പോയി. പിന്നീട് ഉറക്കമുണര്‍ന്നപ്പോളാണ് ടിഫാനി താന്‍ വിമാനത്തില്‍ കുടുങ്ങിയതായി അറിഞ്ഞത്.

എങ്ങും കൂരിരുട്ടായതോടെ ടിഫാനി ശരിക്കും പേടിച്ചു. പുറത്തുകടക്കാന്‍ കുറേ ശ്രമിച്ചെങ്കിലും നടന്നില്ല. പിന്നീട് ബാഗിലുണ്ടായിരുന്ന ഫോണെടുത്ത് സുഹൃത്തിനെ വിളിച്ചു. എന്നാല്‍ സംസാരിച്ച് നില്‍ക്കെ ഫോണ്‍ സ്വിച്ച് ഓഫായതോടെ ശരിക്കും പെട്ടെന്ന് കരുതിയെന്നും വിമാനത്തിന്റെ എഞ്ചിന് ഓഫായതിനാല്‍ ചാര്‍ജ് ചെയ്യാന്‍ സാധിച്ചില്ലെന്നും ടിഫാനി പറയുന്നു.

അവസാനം കോക്പിറ്റില്‍ നിന്ന് ടോര്‍ച്ച് സംഘടിപ്പിച്ച് അധികൃതരെ വിളിക്കാന്‍ ശ്രമിച്ചെങ്കിലും അതും നടന്നില്ല. മുന്നില്‍ വേറെ വഴിയൊന്നുമില്ലാതെ പ്രതിസന്ധിയിലായിരിക്കുമ്പോഴാണ് തന്റെ സുഹൃത്ത് വിമാനത്താവള അധികൃതരുമായി ബന്ധപ്പെട്ട് തനിക്ക് പുറത്തേക്കുള്ള വഴി തുറന്നതെന്നും ടിഫാനി പറയുന്നു. സംഭവത്തില്‍ പിന്നീട് എയര്‍ കാനഡ ടിഫാനിയോട് മാപ്പപേക്ഷിച്ചു.

Exit mobile version