ശരീരഭാരം കുറവ്; ഒമ്പത് ദിവസത്തിനുള്ളില്‍ മരിച്ചത് 16 കുഞ്ഞുങ്ങള്‍

വളരെ കുറഞ്ഞ ശശീരഭാരവുമായി പിറന്നു വീണ ശിശുക്കളാണ് മരിച്ചവരില്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ട്.

ജോര്‍ഹട്ട്: അസമിലെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ ഒമ്പത് ദിവസങ്ങള്‍ക്കിടെ ഉണ്ടായത് പതിനാറു ശിശുമരണം. വളരെ കുറഞ്ഞ ശശീരഭാരവുമായി പിറന്നു വീണ ശിശുക്കളാണ് മരിച്ചവരില്‍ ഏറെയും എന്നാണ് റിപ്പോര്‍ട്ട്. നവംബര്‍ ഒന്നിനും നവംബര്‍ 9നും ഇടയിലാണ് ശിശുമരണങ്ങള്‍ നടന്നത്.

സര്‍ക്കാര്‍ ശിശുമരണത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടെങ്കിലും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്. സംഭവത്തില്‍ സര്‍ക്കാര്‍ ഉന്നതതലസംഘത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കണമെന്നാണ് നിര്‍ദേശം. യൂണിസെഫ് അംഗത്തെ കൂടെ ഉള്‍പ്പെടുത്തിയാണ് ഉന്നതതല സംഘം രൂപീകരിച്ചിരിക്കുന്നത്. ആശുപത്രിയിലെ നവജാതശിശുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരാണ് മരിച്ച കുഞ്ഞുങ്ങള്‍. സംഭവത്തില്‍ ചികിത്സാപിഴവില്ലെന്നാണ് ആശുപത്രി അധികൃതര്‍ വിശദമാക്കുന്നത്.

ചില സമയത്ത് ആശുപത്രിയില്‍ എത്തുന്ന രോഗികളുടെ എണ്ണം കൂടുതല്‍ ആയിരിക്കും ആ സമയത്ത് മരണനിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്നും മരിച്ച കുട്ടികള്‍ക്ക് ഗര്‍ഭാവസ്ഥയിലേ തകരാറുകള്‍ ഉണ്ടായിരുന്നെന്നും ഭാരക്കുറവോടെയാണ് ജനിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ സംഭവത്തേക്കുറിച്ച് പ്രതികരിക്കുന്നത്. ജോര്‍ഹട്ടിലെ ഈ ആശുപത്രി മെഡിക്കല്‍ കോളേജ് പദവിയിലേക്ക് ഉയര്‍ത്തിയിട്ട് ഏറെ നാളുകള്‍ ആയിട്ടില്ല. ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം രോഗികളെ ഇവിടെ ചികിത്സിച്ചിരുന്നെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Exit mobile version