കുളുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു: 42 പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്

ഛണ്ഡീഗഡ്: ഹിമാചല്‍ പ്രദേശിലെ കുളുവില്‍ യാത്രക്കാരുമായി സഞ്ചരിച്ച സ്വകാര്യ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 42 പേര്‍ മരിച്ചു. മരണനിരക്ക് ഉയരുമെന്നാണ് പ്രാഥമികനിഗമനം. മുപ്പതിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. എഴുപതോളം പേര്‍ അപകടം നടക്കുമ്പോള്‍ ബസിലുണ്ടായിരുന്നതായാണ് വിവരം.

അതേസമയം രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കുളുവിലെ ബഞ്ചാറില്‍നിന്നും പുറപ്പെട്ട ബസാണ് യാത്രാമധ്യേ അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുകളിലടക്കം യാത്രക്കാരുണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.

ബഞ്ചാറില്‍ നിന്ന് ഗഡഗുഷാനിയിലേക്ക് പോകവേയാണ് ബസ് അഞ്ഞൂറടി താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. കുളുവില്‍ നിന്ന് അറുപത് കിലോമീറ്റര്‍ അകലെ ബഞ്ചാറിലാണ് അപകടമുണ്ടായത്. അശ്രദ്ധമായ ഡ്രൈവിംഗും പരിധിയലധികം ആളുകള്‍ കയറിയതുമാണ് അപകടമുണ്ടാക്കിയതെന്നാണ് പ്രാഥമിക നിഗമനം.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അനുശോചനം രേഖപ്പെടുത്തി. ഹിമാചല്‍ മുഖ്യമന്ത്രി ജയ് റാം ഠാക്കൂറും ഗവര്‍ണര്‍ ആചാര്യ ദേവവ്രതും അപകടത്തില്‍ അനുശോചിച്ചു. സംഭവത്തില്‍ ഹിമാചല്‍ മുഖ്യമന്ത്രി മജിസ്റ്റീരിയല്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

Exit mobile version