മരത്തിനു മുകളില്‍ പുള്ളിപ്പുലിയുടെ ജഡം; ലൈനില്‍ നിന്നും ഷോക്കേറ്റ് ചത്തതാണെന്ന് സംശയം

ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ജഡം താഴെയിറക്കിയത്

ഗുരുഗ്രാം: മരത്തിനു മുകളിലെ വൈദ്യുത ലൈനില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടെത്തി. ഗുരുഗ്രാമിലെ മന്ദവാര്‍ ഗ്രാമത്തിലാണ് സംഭവം. മരത്തില്‍ തൂങ്ങിക്കിടന്ന നിലയിലായിരുന്നു പുലിയുടെ ജഡം. ഗ്രാമവാസികള്‍ അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ജഡം താഴെയിറക്കിയത്.

ഇന്ന് രാവിലെയാണ് ഗ്രാമവാസികള്‍ മരത്തിനു മുകളില്‍ പുള്ളിപ്പുലിയുടെ ജഡം കണ്ടത്. മരത്തില്‍ നിന്നും പരിക്ക് പറ്റി ചത്തതാകാമെന്നാണ് ആദ്യം ഇവര്‍ കരുതിയത്. എന്നാല്‍ വൈദ്യുതി ലൈനില്‍ തൂങ്ങിക്കിടന്ന നിലയിലാണ് പുലിയുടെ ജഡമെന്ന് പിന്നീടാണ് അറിഞ്ഞത്. മരത്തില്‍ നിന്ന് താഴേക്ക് ചാടിയപ്പോള്‍ വൈദ്യുതി കമ്പിയില്‍ കുടുങ്ങിയതാവാം എന്നാണ് നിഗമനം.

പുലിയുടെ ജഡം താഴേയിറക്കാന്‍ ആര്‍ക്കും ധൈര്യമില്ലാതിരുന്നതിനാല്‍ ഗ്രാമവാസികള്‍ വിവരം വനംവകുപ്പ് അധികൃതരെയും പോലീസിനെയും അറിയിക്കുകയായിരുന്നു. സംഭവസ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ലൈനിലെ വൈദ്യുതി നിലപ്പിച്ചതിന് ശേഷം പുലിയുടെ ജഡം നിലത്തിറക്കി. വൈദ്യുതാഘാതമേറ്റാണ് പുലി ചത്തതെന്നാണ് നിഗമനം എങ്കിലും പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ കൂടുതല്‍ വ്യക്തത വരികയുളളൂ.

Exit mobile version