ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ അജണ്ടയല്ല; രാജ്യത്തിന്റേതെന്ന് മോഡി; ഭൂരിപക്ഷം പാര്‍ട്ടികളും അനുകൂലിച്ചെന്ന് രാജ്‌നാഥ് സിങ്

പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.

ന്യൂഡല്‍ഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പ് രീതിയെ പൊളിച്ചു പണിയാന്‍ ഒരുങ്ങി ബിജെപി സര്‍ക്കാര്‍. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം നടപ്പാക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ സമിതിയുണ്ടാക്കാന്‍ സര്‍വ്വകക്ഷി യോഗത്തില്‍ തീരുമാനിച്ചു.സമിതി വിവിധ രാഷ്ട്രീയ കക്ഷികളുമായും ചര്‍ച്ച നടത്താനും തീരുമാനിച്ചിട്ടുണ്ട്. പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം ബഹിഷ്‌കരിച്ച യോഗത്തിലായിരുന്നു തീരുമാനം.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് സര്‍ക്കാരിന്റെ അജണ്ടയല്ല. രാജ്യത്തിന്റെ അജണ്ടയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി യോഗത്തില്‍ വിശദീകരിച്ചു. അതേസമയം, കേന്ദ്രത്തിന്റെ അജണ്ടയില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അടക്കം വിവിധ കക്ഷികള്‍ യോഗം ബഹിഷ്‌ക്കരിക്കുകയായിരുന്നു.

21 കക്ഷികള്‍ യോഗത്തില്‍ പങ്കെടുത്തുവെന്ന് അവകാശപ്പെട്ട രാജ്‌നാഥ് സിങ് മൂന്ന് കക്ഷികള്‍ അഭിപ്രായം എഴുതി അറിയിച്ചെന്നും വ്യക്തമാക്കി. വിഷയത്തിന്റെ എല്ലാ വശങ്ങളും പഠിക്കുകയും പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുകയുമാണ് സമിതി രൂപീകരിക്കുന്നതിന്റെ ലക്ഷ്യം. എല്ലാ അഭിപ്രായ വ്യത്യാസങ്ങളേയും തങ്ങള്‍ മാനിക്കും. ഭൂരിപക്ഷം പാര്‍ട്ടികളും ആശയത്തോട് യോജിച്ചു. ആശയം നടപ്പാക്കുന്നത് സംബന്ധിച്ച് ഇടതു പാര്‍ട്ടികള്‍ ചോദ്യം ഉന്നയിച്ചെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

എന്നാല്‍, ജനാധിപത്യ വിരുദ്ധമായ നടപ്പാക്കാന്‍ ബുദ്ധിമുട്ടുള്ള ഒരു ആശയം നടപ്പാക്കുന്നതിന് കൂടുതല്‍ ചര്‍ച്ച ആവശ്യമാണെന്നാണ് യോഗം ബഹിഷ്‌ക്കരിച്ച കോണ്‍ഗ്രസിന്റെ നിലപാട്.രാജ്യം നേരിടുന്ന പ്രശ്‌നങ്ങളില്‍നിന്നും ശ്രദ്ധതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Exit mobile version