സ്വന്തം ആത്മീയ ഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞയും ‘ഭാരത് മാതാ കി ജയ് വിളി’യും; വിവാദം കത്തിച്ച് പ്രജ്ഞ സിങ് താക്കൂര്‍

'ഭാരത് മാതാ കി ജയ്' വിളികളോടെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചതും വിവാദമായിരിക്കുകയാണ്.

ന്യൂഡല്‍ഹി: 17ാം ലോക്‌സഭയുടെ ആദ്യദിനം തന്നെ വിവാദങ്ങള്‍ സൃഷ്ടിച്ച് സന്യാസിനി പ്രജ്ഞ സിങ് താക്കൂര്‍. എംപിമാ രുടെ സത്യപ്രതിജ്ഞാചടങ്ങില്‍ ചട്ടങ്ങള്‍ പ്രജ്ഞ പാലിക്കാതെ പെരുമാറിയെന്നാണ് പ്രതിപക്ഷാംഗങ്ങള്‍ ആരോപിക്കുന്നത്. ഡൈവനാമത്തിലോ ദൃഢപ്രതിജ്ഞയോ എടുത്ത് സത്യപ്രതിജ്ഞ പൂര്‍ത്തിയാക്കാനാണ് എംപിമാരെ ചട്ടം അനുവദിക്കുന്നത്. എന്നാല്‍ തന്റെ ആത്മീയ ഗുരുവിന്റെ പേരില്‍ സത്യപ്രതിജ്ഞ ചെയ്ത് എംപി ചട്ടലംഘനം നടത്തുകയായിരുന്നു. ഒപ്പം ‘ഭാരത് മാതാ കി ജയ്’ വിളികളോടെ സത്യപ്രതിജ്ഞ അവസാനിപ്പിച്ചതും വിവാദമായിരിക്കുകയാണ്. പ്രജ്ഞയുടെ ഒപ്പം ഭരണകക്ഷി അംഗങ്ങളും ‘ഭാരത് മാതാ കി ജയ്’ മുഴക്കിയിരുന്നു.

ഇതിനിടെയാണ് തന്റെ ആത്മീയ ഗുരുവായ സ്വാമി പൂര്‍ണചേത്‌നാനന്ദ് അവദേശനാനന്ദ ഗിരിയുടെ നാമത്തില്‍ സത്യ പ്രതിജ്ഞ ചെയ്ത് പ്രജ്ഞ വിവാദം കൊഴുപ്പിച്ചത്. ഇതിനെ പ്രതിപക്ഷാംഗങ്ങള്‍ എതിര്‍ത്തതോടെ ഈ പേര് തന്റെ പേരിന്റെ പൂര്‍ണ്ണരൂപമാണെന്നും അതിനാലാണ് സത്യപ്രതിജ്ഞയില്‍ ഉള്‍പ്പെടുത്തിയതെന്നുമായിരുന്നു പ്രജ്ഞയുടെ വിശദീകരണം. എന്നാല്‍ റിട്ടേര്‍ണിങ് ഓഫീസര്‍ സമര്‍പ്പിച്ച തെരഞ്ഞെടുപ്പ് സര്‍ട്ടിഫിക്കറ്റിലെ പേര് മാത്രമെ രേഖയില്‍ ഉള്‍പ്പെടുത്താനാകൂ എന്ന് പ്രോടേം സ്പീക്കര്‍ വിരേന്ദ്ര കുമാര്‍ നിലപാടെടുത്തു.

അതേസമയം, സഭയെ ശബ്ദമുഖരിതമാക്കിയായിരുന്നു ഓരോ ഭരണകക്ഷി എംപിമാരുടേയും സത്യപ്രതിജ്ഞ. ഓരോ എംപിമാരുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷവും ലോക്‌സഭയില്‍ ‘ഭാരത് മാതാ കി ജയ്’ വിൡള്‍ മുഴങ്ങി. ബിജെപിയുടെ ഗജേന്ദ്ര ഉമറാവു പട്ടേലിന്റെ സത്യപ്രതിജ്ഞയും ‘ഭാരത് മാതാ കി ജയ്’ വിളികളോടെയാണ് അവസാനിപ്പിച്ചത്.

ഇതിനെതിരെ സത്യപ്രതിജ്ഞാ ചട്ടങ്ങള്‍ പാലിക്കാന്‍ അംഗങ്ങളോട് നിര്‍ദേശിക്കണമെന്ന് കേരളത്തില്‍ നിന്നുള്ള ആര്‍എസ്പിയുടെ എംപി എന്‍കെ പ്രേമചന്ദ്രന്‍ പ്രോടേം സ്പീക്കറോട് ആവശ്യപ്പെട്ടു.

Exit mobile version