ആഭ്യന്തരം ദളിത് വനിതയ്ക്ക്; വൈഎസ്ആറിന്റെ പാത സ്വീകരിച്ച് ചരിത്ര വഴിയിലൂടെ തന്നെ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയും

മെകതൊടി സുചരിതയാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്.

ഹൈദരാബാദ്: അമ്പരപ്പിക്കുന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ ഏറിയ വ്യക്തിയാണ് ജഗന്‍ മോഹന്‍ റെഡ്ഡി. വൈഎസ്ആറിന്റെ അതേ പാതയിലൂടെ തന്നെയാണ് മകനായ ജഗന്‍ മോഹന്‍ റെഡ്ഡിയുടെയും സഞ്ചാരം. തീരുമാനങ്ങള്‍ കൊണ്ട് രാജ്യത്തെ തന്നെ അമ്പരപ്പിക്കാന്‍ തുടക്കത്തില്‍ തന്നെ ജഗന്‍ മോഹന്‍ റെഡ്ഡിക്ക് സാധ്യമായിട്ടുണ്ട്. അഞ്ച് ഉപമുഖ്യമന്ത്രിമാരെയാണ് അദ്ദേഹം ആദ്യം നിയമിച്ചത്. ഇത് ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

ഇപ്പോള്‍ മറ്റൊരു തീരുമാനത്തിലൂടെയും അദ്ദേഹം വാര്‍ത്തകളില്‍ നിറയുകയാണ്. സംഭവം മറ്റൊന്നുമല്ല, മന്ത്രിസഭയിലെ പ്രധാനപ്പെട്ട വകുപ്പായ ആഭ്യന്തരം ദലിത് വനിതയെ നിയോഗിച്ചാണ് അദ്ദേഹം മാതൃകയാകുന്നത്. മെകതൊടി സുചരിതയാണ് ആഭ്യന്തരമന്ത്രിയായി ചുമതലയേറ്റത്. ദളിത് വിഭാഗത്തിലെ പ്രതിപടു ജാതിയില്‍പ്പെട്ട സുചരിത സംവരണ മണ്ഡലത്തില്‍നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. സംസ്ഥാന വിഭജനത്തിന് ശേഷം ആദ്യമായാണ് ആന്ധ്രപ്രദേശില്‍ ദളിത് വനിത ആഭ്യന്തരമന്ത്രിയായി ചുമതലയേല്‍ക്കുന്നത്.

പിന്നാക്ക വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഭരണത്തിന്റെ മുന്‍നിരയിലേക്കു കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. ജഗന്റെ പിതാവും ആന്ധ്ര മുന്‍മുഖ്യമന്ത്രി കൂടിയായ വൈഎസ്ആറിന്റെ ആശയങ്ങളാണ് പിന്തുടരുന്നത്. വൈഎസ്ആര്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അഭ്യന്തരം കൈകാര്യം ചെയ്തതും വനിതയായിരുന്നു. സബിത ഇന്ദ്ര റെഡ്ഡിയെയാണ് അന്ന് അദ്ദേഹം ആഭ്യന്തരം ഏല്‍പ്പിച്ചത്. രണ്ടര വര്‍ഷത്തിനു ശേഷം സര്‍ക്കാരിന്റെ പ്രകടനം വിലയിരുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കുമെന്നും ജഗന്‍ വ്യക്തമാക്കി.

Exit mobile version