തമിഴ്‌നാട്ടില്‍ ഹിന്ദിയ്‌ക്കെതിരെയുള്ള പ്രതിഷേധം അവസാനിക്കുന്നില്ല; കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളുടെ ബോര്‍ഡിലെ ഹിന്ദി അക്ഷരങ്ങളെ കറുപ്പടിച്ചു

തിരുച്ചിറപ്പള്ളി: ഹിന്ദിയ്‌ക്കെതിരെയുള്ള പ്രതിഷേധം തമിഴ്‌നാട്ടില്‍ കനക്കുന്നു.ഇംഗ്ലീഷിനൊപ്പം പ്രാദേശിക ഭാഷയും ദേശീയ ഭാഷയായ ഹിന്ദിയും ഉള്‍പ്പെടുന്ന ത്രിഭാഷാ പദ്ധതി നടപ്പാക്കണമെന്ന പുതിയ വിദ്യാഭ്യാസ നയത്തിന്റെ കരടിലെ നിര്‍ദേശം പിന്‍വലിച്ചിട്ടും തമിഴ്നാട്ടില്‍ പ്രതിഷേധം അവസാനിച്ചിട്ടില്ല.

കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളിലെയും ബിഎസ്എന്‍എല്‍ ഓഫീസിന്റെയും വിമാനത്താവളങ്ങളിലെയും ബോര്‍ഡുകളിലെ ഹിന്ദി അക്ഷരങ്ങള്‍ക്ക് മുകളില്‍ കറുപ്പ് ചായമടിച്ചുള്ള പ്രതിഷേധം വിവാദമാകുന്നു. തിരുച്ചിറപ്പള്ളിയില്‍ ശനിയാഴ്ച രാവിലെയാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അതേസമയം, ഇംഗ്ലീഷില്‍ പേരെഴുതിയത് പ്രതിഷേധക്കാര്‍ തൊട്ടിട്ടില്ല.

കേന്ദ്ര സര്‍ക്കാറിന്റെ ത്രിഭാഷ നയത്തില്‍ പ്രതിഷേധിച്ചാണ് ഹിന്ദിയില്‍ എഴുതിയ പേരുകള്‍ക്ക് മേല്‍ കറുപ്പ് ചായം പൂശിയത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം നടപടികള്‍ക്ക് പിന്നിലുള്ളവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചു.

Exit mobile version