‘ഈ ചാനലില്‍ ഇട്ടാല്‍ ഹിന്ദിക്കാര്‍ കാണുമോ’; ‘മാമാങ്കം’ ഹിന്ദി ടീസര്‍ കാവ്യാ ഫിലിം ഹൗസിന്റെ ഒഫീഷ്യല്‍ യൂട്യൂബ് ചാനലില്‍ ഇട്ടതില്‍ രോഷാകുലരായി മമ്മൂട്ടി ആരാധകര്‍

ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നതിനായി സോണി പിക്‌ചേഴ്‌സ്, ടി സീരീസ് തുടങ്ങിയ ചാനലുകളില്‍ ടീസര്‍ റിലീസ് ചെയ്യണം എന്നാണ് ആരാധകരുടെ അഭിപ്രായം

പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്ര പുരുഷന്റെ വേഷത്തിലെത്തുന്ന ചിത്രമാണ് ‘മാമാങ്കം’. ചിത്രത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ഹിന്ദി ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. കാവ്യാ ഫിലിം ഹൗസിന്റെ യൂട്യൂബ് ചാനലിലൂടെ ആണ് ടീസര്‍ പുറത്തുവിട്ടത്. ഇതിന് എതിരെ രൂക്ഷമായി പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് മമ്മൂട്ടി ആരാധകര്‍.

ഉത്തരേന്ത്യന്‍ പ്രേക്ഷകരിലേക്ക് സിനിമ എത്തിക്കുന്നതിനായി സോണി പിക്‌ചേഴ്‌സ്, ടി സീരീസ് തുടങ്ങിയ ചാനലുകളില്‍ ടീസര്‍ റിലീസ് ചെയ്യണം എന്നാണ് ആരാധകരുടെ അഭിപ്രായം. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഇപ്പോള്‍ കിട്ടിയതിനേക്കാള്‍ കൂടുതല്‍ കാഴ്ച്ചക്കാരെ ലഭിച്ചേനേ എന്നും ആരാധകര്‍ ഇതിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്.

എം പത്മകുമാറാണ് ചിത്രത്തിന്റെ സംവിധായകന്‍. മലയാളത്തില്‍ ഏറ്റവും കൂടുതല്‍ ബഡ്ജറ്റില്‍ ഒരുങ്ങുന്ന ചിത്രമാണ് ഇതെന്നാണ് നിര്‍മ്മാതാക്കളുടെ അവകാശവാദം. മമ്മൂട്ടിയ്ക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, പ്രാചി തഹ്ലാന്‍ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നിരിക്കുന്നത്. കാവ്യാ ഫിലിം കമ്പനിയുടെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പള്ളിയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Exit mobile version