“ഞാന്‍ തമിഴില്‍ സംസാരിക്കാം നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോന്ന് നോക്കൂ” : കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെ ട്രോളി കനിമൊഴി

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്ക് ഹിന്ദിയില്‍ പേരിടുന്നതിനെ ട്രോളി ഡിഎംകെ എംപി കനിമൊഴി. സാമ്പത്തിക സ്വയം പര്യാപ്തത ലക്ഷ്യം വെച്ചുകൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ ആത്മനിര്‍ഭര്‍ പദ്ധതിയുടെ പേര് തനിക്ക് ഉച്ചരിക്കാന്‍ കഴിയുന്നില്ലെന്നും പദ്ധതികള്‍ക്ക് എല്ലാവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ ഇംഗ്ലീഷിലോ പ്രാദേശിക ഭാഷകളിലോ പേരിടുന്നതാവും ഉചിതമെന്നും ലോക്‌സഭയിലെ ചര്‍ച്ചയ്ക്കിടെ കനിമൊഴി പറഞ്ഞു.

ആത്മനിര്‍ഭര്‍ എന്ന് പറയുന്നതിനിടെ ഉച്ചാരണം പിഴച്ച കനിമൊഴിയെ തിരുത്താന്‍ ശ്രമിച്ച ഭരണകക്ഷി എംപിമാരോട് ‘എന്നാല്‍ ഞാന്‍ ഇനി തമിഴില്‍ സംസാരിക്കാം, നിങ്ങള്‍ക്ക് മനസ്സിലാകുന്നുണ്ടോ എന്ന് നോക്കൂ’ എന്നായിരുന്നു ചിരിയോടെ കനിമൊഴിയുടെ പ്രതികരണം.

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതികളെക്കുറിച്ചും സംസ്ഥാന സര്‍ക്കാരുകളെ ഇത്തരം പദ്ധതികളില്‍ പങ്കാളികളാക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും സംസാരിക്കുന്നതിനിടെയാണ് ആത്മനിര്‍ഭറില്‍ വാക്കുടക്കിയത്.

പിന്നീട് ഇത് ഉച്ചരിക്കാന്‍ ബുദ്ധമിട്ടാണെന്ന് കനിമൊഴി സരസമായി അറിയിച്ചതോടെ പാര്‍ലമെന്റില്‍ കൂട്ടച്ചിരിയായി. ഭരണപക്ഷാംഗങ്ങള്‍ വാക്ക് ഉച്ചരിച്ച് കൊടുക്കുന്നതായി സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്ന വീഡിയോയില്‍ കേള്‍ക്കാം.

Exit mobile version