‘ഹിന്ദിയെപ്പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണം’ : പ്രധാനമന്ത്രിയോട് സ്റ്റാലിന്‍

ചെന്നൈ : ഹിന്ദിയെപ്പോലെ തമിഴും ഔദ്യോഗിക ഭാഷയാക്കണമെന്ന് പ്രധാനമന്ത്രിയോട് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിവിധ പദ്ധതികളുടെ ഉദ്ഘാടനത്തിനായി തമിഴ്‌നാട്ടിലെത്തിയ മോഡിയെ വേദിയിലിരുത്തിയായിരുന്നു സ്റ്റാലിന്റെ ആവശ്യം.

യുപിഎ ഭരണകാലത്ത് തമിഴ് ഭാഷയ്ക്ക് ക്ലാസ്സിക്കല്‍ പദവി ലഭിച്ചിരുന്നു. ഹിന്ദിയെപ്പോലെ ഔദ്യോഗിക ഭാഷയും മദ്രാസ് ഹൈക്കോടതിയിലെ ഔദ്യോഗിക ഭാഷയും തമിഴാക്കണമെന്നാണ് സ്റ്റാലിന്‍ ആവശ്യപ്പെട്ടത്. കഴിഞ്ഞ വര്‍ഷം അധികാരത്തിലേറിയത് മുതല്‍ തന്നെ ഔദ്യോഗിക ഭാഷയും ഭരണഭാഷയും തമിഴാക്കാനുള്ള ശ്രമത്തിലാണ് ഡിഎംകെ സര്‍ക്കാര്‍. തമിഴിനെ അനശ്വര ഭാഷയെന്നാണ് പ്രധാനമന്ത്രി ചടങ്ങില്‍ വിശേഷിപ്പിച്ചത്.

തമിഴ്‌നാടിനെ നീറ്റ് പരീക്ഷയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവും സ്റ്റാലിന്‍ ചടങ്ങില്‍ മുന്നോട്ട് വെച്ചു. വലിയ പണം ചിലവാക്കി പരിശീലന കേന്ദ്രത്തില്‍ പഠിക്കാന്‍ പോവുന്നവര്‍ക്ക് മാത്രമാണ് നീറ്റ് പരീക്ഷ എഴുതിയെടുക്കാന്‍ കഴിയുന്നതെന്നും അത് പാവപ്പെട്ടവരുടെ അവസരം നഷ്ടപ്പെടുത്തലാണെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ ആവശ്യമുന്നയിച്ചത്.

ഇത് സംബന്ധിച്ച ബില്‍ നേരത്തേ തന്നെ തമിഴ്‌നാട് നിയമസഭ പാസ്സാക്കിയിട്ടുള്ളതാണ്. പക്ഷേ ഗവര്‍ണര്‍ ഇതുവരെ കേന്ദ്രത്തിന് അയച്ചിട്ടില്ല. ബില്‍ പാസ്സാക്കി 200 ദിവസത്തിന് ശേഷം സംസ്ഥാന സര്‍ക്കാരിന് തിരിച്ചയച്ചു. എന്നാല്‍ സര്‍ക്കാര്‍ ഏകകണ്‌ഠേന ബില്‍ പാസ്സാക്കുകയും തിരിച്ചയയ്ക്കുകയും ചെയ്തിട്ടുണ്ട്.

Exit mobile version