അരുണാചല്‍ പ്രദേശില്‍ കാണാതായ വ്യോമസേനാ വിമാനത്തില്‍ ഒരു മലയാളി കൂടിയെന്ന് സ്ഥിരീകരണം

കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍കെ ഷരിനെയാണ് കാണാതായത്. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അപകടത്തിലുള്‍പ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി

ന്യൂഡല്‍ഹി: അരുണാചല്‍പ്രദേശില്‍ നിന്ന് കഴിഞ്ഞ ദിവസം മുതല്‍ കാണാതായ വ്യോമസേനയുടെ എഎന്‍ 32 വിമാനത്തില്‍ ഒരു മലയാളി കൂടി ഉണ്ടെന്ന് സ്ഥിരീകരണം. അസമിലെ ജോര്‍ഹട്ടില്‍ നിന്ന് അരുണാചലിലേക്ക് പോകുമ്പോഴാണ് വിമാനം കാണാതായത്. കണ്ണൂര്‍ സ്വദേശി കോര്‍പറല്‍ എന്‍കെ ഷരിനെയാണ് കാണാതായത്. കൊല്ലം അഞ്ചല്‍ സ്വദേശി സര്‍ജന്റ് അനൂപ് കുമാറും വിമാനത്തിലുണ്ടായിരുന്നതായി നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതോടെ അപകടത്തിലുള്‍പ്പെട്ട മലയാളികളുടെ എണ്ണം രണ്ടായി.

എന്നാല്‍ കാണാതായ വിമാനത്തിനായുള്ള തെരച്ചില്‍ ആറാം ദിവസവും തുടരുകയാണ്. കരസേനക്കും നാവികസേനക്കും പുറമെ ഐഎസ്ആര്‍ഒയുടെ ഉപഗ്രഹങ്ങളടക്കം ഉപയോഗിച്ചാണ് തെരച്ചില്‍ നടത്തുന്നത്. വിമാനത്തിലുണ്ടായിരുന്ന മലയാളി ഫ്‌ളൈറ്റ് എഞ്ചിനീയര്‍ അടക്കം പതിമൂന്ന് പേരുടെയും കുടുംബാംഗങ്ങളെ വ്യോമസേന അധികൃതര്‍ വിവരമറിയിച്ചിട്ടുണ്ട്. ചൈന അതിര്‍ത്തിയോട് ചേര്‍ന്ന വനപ്രദേശത്ത് മഴ തുടരുന്നത് തെരച്ചില്‍ ദുഷ്‌ക്കരമാക്കുകയാണ്.

എമര്‍ജന്‍സി ലൊക്കേറ്റര്‍ ബീക്കണ്‍ പ്രവര്‍ത്തിക്കാതിരുന്നതും വിമാനം കണ്ടെത്തുന്നത് ദുഷ്‌ക്കരമാക്കി. വ്യോമസേനയുടെ ഏഴു ഓഫീസര്‍മാര്‍ ഉള്‍പ്പടെ 13 പേരാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ചല്‍ സ്വദേശി ഫ്‌ലൈറ്റ് എഞ്ചിനീയര്‍ അനൂപ് കുമാറിന്റെയടക്കം 13 പേരുടെയും കുടുംബാംഗങ്ങളെയും തെരച്ചിലിന്റെ പുരോഗതിയെപ്പറ്റി അറിയിക്കുന്നുണ്ട്.

Exit mobile version