‘രാഹുല്‍ ഒഴിയുകയാണെങ്കില്‍ കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാര്‍’ ; പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ച് അസ്ലം ഷേര്‍ ഖാന്‍

രണ്ടു വര്‍ഷത്തേക്ക് ആ പദവിയില്‍ തുടരാന്‍ തയാറാണെന്ന് കത്തില്‍ പറയുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം ആ സ്ഥാനത്തേക്ക് വരാന്‍ താന്‍ തയ്യാറാണെന്ന് മുന്‍ ഹോക്കി താരവും മുന്‍ കോണ്‍ഗ്രസ് എംപിയുമായ അസ്ലം ഷേര്‍ ഖാന്‍. കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ തയ്യാറാണെന്ന് അറിയിച്ച് അസ്ലം ഷേര്‍ ഖാന്‍ പാര്‍ട്ടി നേതൃത്വത്തിനു കത്തയച്ചു. രണ്ടു വര്‍ഷത്തേക്ക് ആ പദവിയില്‍ തുടരാന്‍ തയാറാണെന്ന് കത്തില്‍ പറയുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാംതവണയും പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം ഒഴിയുകയാണെന്ന് രാഹുല്‍ ഗാന്ധി പ്രവര്‍ത്തക സമിതിയെ അറിയിച്ചിരുന്നു. എന്നാല്‍ രാഹുലിന്റെ രാജി സന്നദ്ധത പ്രവര്‍ത്തക സമിതി തള്ളി. സ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് പാര്‍ട്ടി പ്രവര്‍ത്തകരുടെ അപേക്ഷകള്‍ രാഹുലിന് ലഭിക്കുന്നതിനിടെയാണ് അധ്യക്ഷനാവാന്‍ തയാറാണെന്ന് അറിയിച്ച് അസ്ലം ഷേര്‍ ഖാന്‍ കത്തയച്ചത്.

രാഹുല്‍ ഗാന്ധി ഒഴിയുന്ന പക്ഷം കോണ്‍ഗ്രസ് അധ്യക്ഷനാവാന്‍ താന്‍ തയ്യാറാണെന്ന് അസ്ലം ഷേര്‍ ഖാന്‍ കത്തില്‍ പറയുന്നു. രണ്ടു വര്‍ഷത്തേക്ക് ആ പദവിയില്‍ തുടരാന്‍ തയാറാണെന്നും സമയബന്ധിതമായി മാത്രമാണ് പദവി ഏറ്റെടുക്കാനുള്ള സന്നദ്ധത അറിയിക്കുന്നതെന്നും കത്തില്‍ വ്യക്തമാക്കുന്നു. അറുപത്തിയഞ്ചുകാരനായ അസ്ലം ഷേര്‍ ഖാന്‍ ഒരു തവണ മധ്യപ്രദേശില്‍ നിന്നു ലോക്‌സഭയിലേക്കു തെരഞ്ഞടുക്കപ്പെട്ടിട്ടുണ്ട്‌. പിന്നീടു മത്സരിച്ചെങ്കിലും പരാജയപ്പെടുകായിരുന്നു.

Exit mobile version