ബലാത്സംഗ കേസില്‍ അറസ്റ്റിലായ എംഎല്‍എയെ ജയിലില്‍ സന്ദര്‍ശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്

ന്യൂഡല്‍ഹി: ബലാത്സംഗ കേസില്‍ തടവില്‍ കഴിയുന്ന എംഎല്‍എ കുല്‍ദീപ് സിംഗ് സെങ്കറെയെ ജയിലില്‍ സന്ദര്‍ശിച്ച് ബിജെപി എംപി സാക്ഷി മഹാരാജ്. പൊതുതെരഞ്ഞെടുപ്പിലെ തന്റെ മിന്നുന്ന ജയത്തിന് കുല്‍ദീപിനോട് നന്ദി പറയാനാണ് ജയിലില്‍ എത്തിയതെന്ന് സാക്ഷി മഹാരാജ് പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ഉന്നാവ് ജില്ലയില്‍ പതിനേഴുകാരിയെ ബലാത്സംഗ ചെയ്ത കേസില്‍ പ്രതിയായ കുല്‍ദീപ് നിലവില്‍ സീതാപൂര്‍ ജയിലിലാണ്. ജോലി അന്വേഷിച്ച് കുല്‍ദീപിന്റെ വീട്ടിലെത്തിയ തന്നെ എംഎല്‍എ ബലാത്സംഗം ചെയ്‌തെന്നായിരുന്നു പെണ്‍കുട്ടിയുടെ പരാതി.

കുല്‍ദീപ് സിംഗിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് യോഗി ആദിത്യനാഥിന്റെ വീടിന് മുന്‍പില്‍ പെണ്‍കുട്ടി ആത്മഹത്യാശ്രമവും നടത്തിയിരുന്നു. പോലീസ് കസ്റ്റഡിയില്‍ എടുത്ത പെണ്‍കുട്ടിയുടെ പിതാവും മരിച്ചതോടെ കേസ് കൂടുതല്‍ വിവാദമായി. തുടര്‍ന്ന് കേസന്വേഷണം ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സിബിഐക്ക് കൈമാറുകയായിരുന്നു.

വിവാദ പ്രസ്താവനകളിലൂടെ പ്രശസ്തിയാര്‍ജിച്ച ആളാണ് സാക്ഷി മഹാരാജ്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ തനിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ ജനങ്ങളെ ശപിക്കുമെന്ന സാക്ഷി മഹാരാജിന്റെ പ്രസ്താവന വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഞാന്‍ ഒരു സന്യാസി കൂടിയാണ്. എന്നെ നിങ്ങള്‍ നിരാകരിക്കുകയാണെങ്കിലും കുടുംബങ്ങളിലെ സന്തോഷം ഇല്ലാതാക്കുമെന്നും നിങ്ങളെ ശപിക്കുമെന്നുമാണ് സാക്ഷി പറഞ്ഞത്.

തനിക്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കിയില്ലെങ്കില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നേരിടേണ്ടിവരുമെന്ന് നേരത്തെ സാക്ഷി മഹാരാജ് ഭീഷണി മുഴക്കിയിരുന്നു. കൂടാതെ, ഇത്തവണത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ മോഡി ജയിച്ചാല്‍ രാജ്യത്ത് ഇനിയൊരു തെരഞ്ഞെടുപ്പ് ഉണ്ടാവില്ലെന്നുള്ള അദ്ദേഹത്തിന്റെ പ്രസ്താവനയും വിവാദമായിരുന്നു.

Exit mobile version