മഹാരാഷ്ട്രയില്‍ പ്രതിപക്ഷസ്ഥാനം പോലും നഷ്ടപ്പെടുത്തി കോണ്‍ഗ്രസ്; പാര്‍ട്ടി വിടല്‍ രൂക്ഷം; പ്രതിപക്ഷ നേതാവും 10 എംഎല്‍എമാരും ബിജെപിയിലേക്ക്

ഈ നീക്കത്തോടെ കോണ്‍ഗ്രസിനെക്കാള്‍ വലിയ കക്ഷിയായി എന്‍സിപി മാറും

മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ മഹാരാഷ്ട്രയിലും കോണ്‍ഗ്രസിന് തിരിച്ചടി. കൂടുതല്‍ എംഎല്‍എമാര്‍ പാര്‍ട്ടി വിടാനൊരുങ്ങുകയാണ്. കോണ്‍ഗ്രസിന്റെ മുഖ്യപ്രതിപക്ഷ സ്ഥാനം പോലും തെറിക്കുന്ന തരത്തിലാണ് എംഎല്‍എമാരുടെ കൊഴിഞ്ഞുപോക്ക്. പത്ത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക് ചേക്കേറുമെന്നാണ് കണക്കുകൂട്ടല്‍. ബിജെപി പ്രവേശനത്തിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് രാധാകൃഷ്ണ വിഘെ പാട്ടീല്‍ എംഎല്‍എ സ്ഥാനം രാജിവച്ചു. പാട്ടീല്‍ ഔദ്യോഗികമായി ഇന്ന് ബിജെപിയില്‍ ചേരുമെന്നാണ് സൂചന.

പാര്‍ട്ടിയുടെ ഭാഗത്ത് നിന്നും ഉണ്ടായ അവഗണനയാണ് തന്റെ തീരുമാനത്തിന് പിന്നിലെന്ന് പാട്ടീല്‍ പറഞ്ഞിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനും താന്‍ സഹകരിച്ചിരുന്നില്ലെന്നും പാര്‍ട്ടി വിടുന്നതില്‍ ഒരു തെറ്റും കാണുന്നില്ലെന്നും എംഎല്‍എ സ്ഥാനം രാജിവച്ച ശേഷം രാധാകൃഷ്ണ വിഘെ പാട്ടീല്‍ പറഞ്ഞിരുന്നു.

അതേസമയം, ബിജെപിയില്‍ ചേക്കേറിയാല്‍ തൊട്ടുപിന്നാലെ വിഘെ പാട്ടീലിനെ ദേവേന്ദ്ര ഫഡ്‌നാവിസ് തന്റെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തിയേക്കും എന്നും സൂചനയുണ്ട്. നേരത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ മകന് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് പാട്ടീല്‍ കോണ്‍ഗ്രസ് വിട്ടത്. വിഘെ പാട്ടീലിന് പിന്നാലെ ഒന്‍പത് എംഎല്‍എമാരെ കൂടി ഒപ്പം കൂട്ടാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്.

ഈ നീക്കത്തോടെ കോണ്‍ഗ്രസിനെക്കാള്‍ വലിയ കക്ഷിയായി എന്‍സിപി മാറും. ഇതോടെ, തെരഞ്ഞെടുപ്പ് വരെ പ്രതിപക്ഷ നേതൃസ്ഥാനവും എന്‍സിപിക്ക് നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകും.

മഹാരാഷ്ട്ര നിയമസഭയിലെ അംഗസംഖ്യ: ബിജെപി -128, ശിവസേന -66, കോണ്‍ഗ്രസ് -42, എന്‍സിപി-41

Exit mobile version