‘പിന്നെന്തിനായിരുന്നു നോട്ട് നിരോധനം?’; മോഡിയുടെ ക്യാഷ്ലെസ് എക്കോണമി സ്വപ്‌നം പരാജയം! നോട്ടുനിരോധനത്തിനുശേഷം ഭൗതിക പണമിടപാട് വര്‍ധിച്ചെന്ന് കണക്കുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ ക്യാഷ്‌ലെസ് എക്കോണമിയിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെ പ്രധാനമന്ത്രി നരേന്ദ്ര മോഡി നടപ്പിലാക്കിയ നോട്ട് നിരോധനം പരാജയമായിരുന്നെന്ന് അടിവരയിട്ട് രണ്ടാം വാര്‍ഷികം. 2016 നവംബര്‍ 8ന് അര്‍ധരാത്രിയോടെയാണ് 500, 1000 രൂപയുടെ നോട്ടുകള്‍ അസാധുവാക്കി പ്രധാനമന്ത്രി പ്രഖ്യാപനമിറക്കിയത്. ഈ നടപടിയുടെ പ്രധാന വാഗ്ദാനങ്ങളിലൊന്നായിരുന്നു ഭൗതിക പണമിടപാട് കുറച്ച് രാജ്യത്തെ ക്യാഷ്ലെസ് എക്കണോമിയാക്കി മാറ്റുമെന്നത്. അന്ന് കമ്പോളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന 86 ശതമാനം നോട്ടുകളാണ് പിന്‍വലിക്കപ്പെട്ടത്.

പക്ഷെ, രണ്ടു വര്‍ഷങ്ങള്‍ക്കിപ്പുറം ഇന്ത്യയിലെ ഭൗതിക പണമിടപാട് നോട്ടു നിരോധനത്തിന് മുമ്പുള്ളതിനെക്കാള്‍ 9.5 ശതമാനം വര്‍ധിച്ചതായാണ് ആര്‍ബിഐയുടെ കണക്കുകള്‍ പറയുന്നത്. 2016 നവംബര്‍ 4ന് 17.9 ലക്ഷം കോടി രൂപ മൂല്യമുള്ള കറന്‍സിയായിരുന്നു പ്രചാരത്തിലുണ്ടായിരുന്നത്. എന്നാല്‍ 2018 ഒക്ടോബറിലെ കണക്കുകള്‍ പ്രകാരം അത് 19.6 ലക്ഷം കോടിയായി വര്‍ധിച്ചു.

പണം ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ എടിഎമ്മുകളില്‍ നിന്നും പണം പിന്‍വലിക്കുന്നതിന്റെ തോത് മുമ്പുള്ളതിനെക്കാള്‍ 8 ശതമാനം വര്‍ധിച്ചതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. ആര്‍ബിഐ ഡാറ്റ പ്രകാരം 2016 ഒക്ടോബറില്‍ എടിഎമ്മുകളില്‍ നിന്നും 2.54 ലക്ഷം കോടി രൂപ പണം പിന്‍വലിച്ചത് 2018 ആഗസ്തില്‍ 2.75 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.

അതേസമയം മൊബൈലിലൂടെയുള്ള പണമിടപാട് വര്‍ധിച്ചതായും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2016 ഒക്ടോബറില്‍ 1.13 ലക്ഷം കോടി രൂപയുടെ മൊബൈല്‍ പണമിടപാട് 2018 ആഗസ്തോടെ 2.06 ലക്ഷം കോടി രൂപയായി വര്‍ധിച്ചു.

നോട്ടുനിരോധനത്തെ ന്യായീകരിക്കാന്‍ നിരവധി വാദങ്ങളാണ് മോഡി സര്‍ക്കാര്‍ മുന്നോട്ടു വച്ചത്. കള്ളപ്പണം ഇല്ലാതാക്കാനായിരുന്നു നോട്ടുനിരോധനം എന്നായിരുന്നു പ്രബലമായ ഒരു വാദം. എന്നാല്‍ പിന്‍വലിച്ച 99.35 ശതമാനം നോട്ടുകളും ബാങ്കുകളില്‍ തിരിച്ചെത്തിയതോടെ അത് പൊള്ളയാണെന്ന് തെളിഞ്ഞു.

Exit mobile version