509 വാര്‍ഡുകളില്‍ മിന്നും വിജയം; കര്‍ണാടക തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയെ തകര്‍ത്ത് കോണ്‍ഗ്രസ്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ബംഗലൂരു: കര്‍ണാടകയിലെ നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മിന്നും വിജയം. 1221 നഗര തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 509 വാര്‍ഡുകളില്‍ വിജയക്കൊടി പാറിച്ചു. ബിജെപിക്ക് 366 വാര്‍ഡുകള്‍ മാത്രമാണ് നേടാന്‍ സാധിച്ചത്. ജെഡിഎസ് 174, ബാക്കിയുള്ളവര്‍172 സീറ്റും നേടി. കോണ്‍ഗ്രസും ജെഡിഎസും സഖ്യമായിട്ടല്ല മത്സരിച്ചത്. ബിഎസ്പിക്ക് മൂന്നും സിപിഎമ്മിന് രണ്ട് സീറ്റുകളും ലഭിച്ചിട്ടുണ്ട്.

മോഡി തരംഗം ആഞ്ഞ് വീശിയ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം കനത്ത പരാജയം നേരിട്ടിരുന്നു.കര്‍ണാടകയില്‍ 28ല്‍ 25 സീറ്റുകളും നേടി ബിജെപി നേടിയിരുന്നു.ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മേയ് 29 നായിരുന്നു കര്‍ണാടകയില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുപ്പ് നടന്നത്.

ടൗണ്‍ മുനിസിപ്പാലിറ്റികളിലും സിറ്റി മുനിസിപ്പാലിറ്റികളിലും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ടൗണ്‍ പഞ്ചായത്തുകളില്‍ മാത്രമാണ് ബിജെപി നേട്ടമുണ്ടാക്കിയത്. എട്ടു സിറ്റി കോര്‍പറേഷന്‍, 33 ടൗണ്‍ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍, 22 താലൂക്ക് പഞ്ചായത്ത് എന്നിവിടങ്ങളിലെ വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയം സമ്മാനിച്ച നിരാശയില്‍ നിന്ന് ആശ്വാസം നല്‍കുന്നതാണ് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം.

Exit mobile version