സത്യപ്രതിജ്ഞയ്ക്ക് ഒരുങ്ങി എന്‍ഡിഎ; മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനം മോഡിയുടേയും അമിത് ഷായുടേയും

മോഡി വീണ്ടും പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുമ്പോള്‍ സഖ്യകക്ഷികളും മന്ത്രി പദവിയില്‍ കണ്ണുനട്ടിരിക്കുകയാണ്

ന്യൂഡല്‍ഹി: വന്‍ഭൂരിപക്ഷത്തില്‍ വീണ്ടും അധികാരത്തിലേറുന്ന എന്‍ഡിഎ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ വ്യാഴാഴ്ച. മോഡി വീണ്ടും പ്രധാനമന്ത്രി സ്ഥാനമേല്‍ക്കുമ്പോള്‍ സഖ്യകക്ഷികളും മന്ത്രി പദവിയില്‍ കണ്ണുനട്ടിരിക്കുകയാണ്. മന്ത്രിമാരെ നിശ്ചയിക്കുന്നത് മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായിരിക്കും.

പ്രധാനമന്ത്രിക്കൊപ്പം വിപുലമായ മന്ത്രിസഭയും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. മന്ത്രിസഭയില്‍ ബിജെപിക്കായിരിക്കും മുന്‍തൂക്കമെങ്കിലും സഖ്യകക്ഷികള്‍ക്ക് മികച്ച പ്രാതിനിധ്യം നല്‍കും. ബുധനാഴ്ച വൈകീട്ടോടെ മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. മോഡിയും ഷായും ആര്‍എസ്എസ് ദേശീയനേതൃത്വവുമായി ചര്‍ച്ചചെയ്ത ശേഷമായിരിക്കും തീരുമാനമെടുക്കുക.

സഖ്യകക്ഷികളായ ശിവസേന, ജെഡി (യു), എല്‍ജെപി, ശിരോമണി അകാലിദള്‍, അപ്നാ ദള്‍, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ പാര്‍ട്ടികള്‍ എന്നിവയെ പരിഗണിക്കുമെന്നാണ് സൂചന. രണ്ടു കാബിനറ്റ് മന്ത്രിപദമാണ് ജെഡി(യു) ആഗ്രഹിക്കുന്നത്. ബിഹാറില്‍ മത്സരിച്ച 17 സീറ്റുകളില്‍ പതിനാറിലും ജയിച്ച ജെഡി(യു) ബിഹാറിനു പ്രത്യേകപദവി എന്ന ആവശ്യവും ഉയര്‍ത്തുന്നുണ്ട്. ശിവസേന ഇക്കുറി രണ്ടു മന്ത്രിപദമാണ് ആഗ്രഹിക്കുന്നത്. നിലവിലെ മന്ത്രിസഭയില്‍ ഒരു കാബിനറ്റ് മന്ത്രിപദമാണ് ഉണ്ടായിരുന്നത്. തെരഞ്ഞെടുപ്പില്‍ വന്‍മുന്നേറ്റം കാഴ്ചവെച്ച ബംഗാള്‍, ഒഡിഷ സംസ്ഥാനങ്ങള്‍ക്ക് ഇക്കുറി മികച്ച പ്രാതിനിധ്യമുണ്ടാകും.

Exit mobile version