‘രാജിയില്‍ ഉറച്ച് രാഹുല്‍’; അന്തിമ തീരുമാനമെടുക്കാന്‍ ഇന്ന് വൈകിട്ട് 4.30 വീണ്ടും പ്രവര്‍ത്തക സമിതി യോഗം ചേരും

ന്യൂഡല്‍ഹി; കോണ്‍ഗ്രസ് അധ്യക്ഷന്‍ സ്ഥാനത്ത് നിന്ന് രാജി വയ്ക്കുന്ന കാര്യത്തില്‍, രാഹുല്‍ ഗാന്ധി ഉറച്ച് നില്‍ക്കുന്നതിനെ തുടര്‍ന്ന്, വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം വീണ്ടും ചേരും. ഇന്ന് വൈകിട്ട് 4.30 നാണ് യോഗം വിളിച്ചിരിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ വസതിയിലാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് പിന്നാലെ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജി വയ്ക്കാന്‍ താത്പര്യം അറിയിച്ചിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് അവലോകനത്തിനായി ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി രാഹുലിന്റെ ആവശ്യം നിരസിക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ ഗാന്ധി രാജിയില്‍ ഉറച്ച് നില്‍ക്കുകയാണ്. പുതിയ അധ്യക്ഷനെ കിട്ടുന്നത് വരെ സ്ഥാനത്ത് തുടരാമെന്നാണ് രാഹുലിന്റെ നിലപാട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗാന്ധി കുടുംബത്തില്‍ നിന്ന് തന്നെ ആകണമെന്നില്ല എന്നായിരുന്നു രാഹുല്‍ വ്യക്തമാക്കിയത്.

രാഹുല്‍ ഗാന്ധി രാജിക്കാര്യത്തില്‍ ഉറച്ച് നിന്നതോടെയാണ് ഈ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ പ്രവര്‍ത്തക സമിതി യോഗം വീണ്ടും ചേരുന്നത്. അതെസമയം രാഹുല്‍ ഗാന്ധി അധ്യക്ഷന്‍ സ്ഥാനം രാജി വയ്ക്കുകയാണെങ്കില്‍ രാജസ്ഥാന്‍ ഡെപ്യൂട്ടി ചീഫ് മിനിസ്റ്റര്‍ സച്ചിന്‍ പൈലറ്റ് സ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന.

Exit mobile version