രാജിയില്‍ ഉറച്ച് രാഹുല്‍; പകരക്കാരന്‍ സച്ചിന്‍ പൈലറ്റ്?

രാഹുലിന് പകരക്കാരനായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കാനുള്ള തീരുമാനത്തില്‍ നിന്ന് രാഹുല്‍ ഗാന്ധി പിന്നോട്ടില്ലെന്ന് വ്യക്തമാക്കിയതോടെ പകരക്കാരനെ കണ്ടെത്താന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി ഉടന്‍ യോഗം ചേര്‍ന്നേക്കുമെന്ന് സൂചന. രാഹുലിന് പകരക്കാരനായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിന്റെ പേരാണ് ഉയര്‍ന്നു കേള്‍ക്കുന്നത്.

എന്നാല്‍ അധ്യക്ഷ സ്ഥാനം ഒഴിയാനുള്ള തീരുമാനം പുനഃപരിശോധിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനോട് ആവശ്യപ്പെട്ടേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം തവണയും കനത്ത പരാജയം നേരിട്ടതിനെ തുടര്‍ന്നാണ് രാഹുല്‍ രാജി സന്നദ്ധത അറിയിച്ചത്. സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ആദ്യം ഈ തീരുമാനത്തെ എതിര്‍ത്തെങ്കിലും പിന്നീട് രാഹുലിനെ പിന്തുണയ്ക്കുകയായിരുന്നു.

രാജിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് രാഹുല്‍ ഉറപ്പിച്ചതോടെ രാഹുലിന് പകരക്കാരനായി രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയും യുവ നേതാവുമായ സച്ചിന്‍ പൈലറ്റിന്റെയും ശശി തരൂര്‍, ജ്യോതിരാദിത്യ സിന്ധ്യ, പൃഥ്വിരാജ് ചൗഹാന്‍, എകെ ആന്റണി, എന്നിവരേയും പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. എന്നാല്‍, സച്ചിന്‍ പൈലറ്റിന് കീഴില്‍ കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കള്‍ അസംതൃപ്തരായേക്കുമെന്ന വിലയിരുത്തലും ഉയരുന്നുണ്ട്.

ശനിയാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് രാഹുല്‍ ഗാന്ധി രാജി വയ്ക്കാന്‍ സന്നദ്ധത അറിയിച്ചത്. നെഹ്‌റു കുടുംബത്തില്‍ നിന്ന് ആരേയും തനിക്ക് പകരക്കാരനായി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കരുത് എന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളോട് രാഹുല്‍ നിര്‍ദേശിച്ചു. എന്നാല്‍ രാഹുല്‍ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്നാണ് മുതിര്‍ന്ന നേതാക്കള്‍ അടക്കം പറയുന്നത്.

Exit mobile version