സ്മൃതി ഇറാനിയോടും രാഹുലിനോടും ഏറ്റുമുട്ടിയ സരിത എസ് നായര്‍ക്ക് വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സ്വന്തമായത് 569 വോട്ട്; നോട്ടയ്ക്കും പിന്നില്‍!

സരിത എസ് നായര്‍ക്ക് ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സ്വന്തമായത് 569 വോട്ട്.

അമേഠി: വയനാട്ടിലേയും എറണാകുളത്തേയും പ്രകടന പത്രിക തള്ളിയതോടെ രാഹുല്‍ ഗാന്ധിക്കെതിരെ മത്സരിക്കാന്‍ തട്ടകത്തിലേക്ക് പോയ സരിത എസ് നായര്‍ക്ക് ഒടുവില്‍ വോട്ടെണ്ണി തീര്‍ന്നപ്പോള്‍ സ്വന്തമായത് 569 വോട്ട്. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും ബിജെപിയുടെ സ്മൃതി ഇറാനിക്കുമെതിരെ പൊരുതിയാണ് ഉത്തര്‍പ്രദേശിലെ അമേഠിയില്‍ സരിതാ എസ് നായര്‍ ഈ വോട്ട് പെട്ടിയിലാക്കിയത്.

സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടായിരുന്നു സരിത തെരഞ്ഞെടുപ്പിനെ നേരിട്ടത്. 27 പേരായിരുന്നു മണ്ഡലത്തിലെ ആകെ സ്ഥാനാര്‍ത്ഥികള്‍. ആകെ പോള്‍ ചെയ്തതില്‍ 0.06 ശതമാനം വോട്ട് സരിതയ്ക്ക് സ്വന്തമായി.

നേരത്തെ സോളാര്‍ കേസിലെ പ്രതിയായ ഹൈബി ഈഡന് യുഡിഎഫ് എറണാകുളം സീറ്റ് നല്‍കിയതില്‍ പ്രതിഷേധിച്ചാണ് സരിത എറണാകുളത്ത് നാമ നിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. തന്റെ പരാതിയില്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ച് പിന്നീട് വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരേയും സരിത പത്രിക സമര്‍പ്പിച്ചു. എന്നാല്‍ സ്വന്തം പേരിലുള്ള കേസുകള്‍ കുരുക്കായതോടെ സരിതയുടെ പത്രികകള്‍ തള്ളുകയായിരുന്നു.

തെരഞ്ഞെടുപ്പില്‍ ജയമല്ല തന്റെ ലക്ഷ്യമെന്നു പ്രഖ്യാപിച്ചായിരുന്നു സരിതയുടെ പോരാട്ടം. രാഹുലിനെ കടപുഴക്കി സ്മൃതി ഇറാനി വിജയിച്ച അമേഠിയില്‍ നോട്ടയെ പിന്തുണച്ചവര്‍ 3472 പേരാണ്.

Exit mobile version