ഇത് ബിജെപി തരംഗമല്ല; ഹിന്ദുത്വ തരംഗം; യുവ തലമുറ ദേശീയവാദികളെന്നും സുബ്രഹ്മണ്യന്‍ സ്വാമി

'ഇത് മോഡി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്' എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്.

ന്യൂഡല്‍ഹി: കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ അധികാരം ഉറപ്പിച്ചതോടെ ഹിന്ദുത്വ വാദങ്ങളുമായി ബിജെപി നേതാക്കള്‍. 545 സീറ്റില്‍ എന്‍ഡിഎ 300 സീറ്റുകളിലേറെ മുന്നേറ്റം കാഴ്ചവെയ്ക്കുന്നതിനിടെയാണ് ഇത് ഹിന്ദുത്വ തരംഗമാണെന്ന് പരാമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തിയിരിക്കുന്നത്. ‘ഇത് മോഡി തരംഗമല്ല, ഹിന്ദുത്വ തരംഗമാണ്’ എന്നാണ് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞത്. ഹാഫിങ്ടണ്‍ പോസ്റ്റിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തെരഞ്ഞെടുപ്പു ഫലം തെളിയിക്കുന്നത് ജാതിയേക്കാള്‍ മേല്‍ക്കൈ മതത്തിനാണെന്നാണ് കാണിക്കുന്നത്. എസ്പി-ബിഎസ്പി ജാതി സഖ്യത്തിന്റെ ‘തകര്‍ക്കാനാവാത്ത കണക്കുകളെ’ ബിജെപി പരാജയപ്പെടുത്തിയിരിക്കുകയാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. ഹിന്ദുക്കള്‍ ജാതിക്കും മുകളില്‍ ഉയരുകയാണ്. വോട്ടര്‍മാരുടെ യുവ തലമുറ വളരെ പ്രധാനപ്പെട്ടതാണ്. അവര്‍ യുവ ദേശീയവാദികളാണ്. അവര്‍ ജാതിയെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ബിജെപി വലിയ തിരിച്ചടി നേരിടുമെന്ന വിലയിരുത്തപ്പെട്ട ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യത്തിന് വന്‍തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. 58 സീറ്റുകളിലാണ് യുപിയില്‍ ബി.ജെ.പി മുന്നിട്ടു നില്‍ക്കുന്നത്. എസ്പി-ബിഎസ്പി സഖ്യത്തിന് 21 സീറ്റുകള്‍ നേടാനേ കഴിഞ്ഞിട്ടുള്ളൂ. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് മുന്നിട്ടു നില്‍ക്കുന്നത്.

Exit mobile version