മോഡി വിജയം! കേന്ദ്രത്തില്‍ വീണ്ടും എന്‍ഡിഎ; ലീഡില്‍ ബിജെപി തനിച്ച് 300 കടന്നു

ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് 300 കടന്നിരിക്കുകയാണ്.

ന്യൂഡല്‍ഹി: എക്സിറ്റ് പോളുകളെ ശരിവെച്ച് വീണ്ടും കേന്ദ്രത്തില്‍ മോഡി ഭരണം. എന്‍ഡിഎ സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ എത്തുമെന്ന് ലീഡ് നിലകള്‍ സൂചിപ്പിക്കുന്നു. ആദ്യഘട്ട ഫലങ്ങളില്‍ 542 സീറ്റുകളിലേക്കുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ സഖ്യത്തിന്റെ ലീഡ് 300 കടന്നിരിക്കുകയാണ്.

പാര്‍ട്ടികളുടെ ലീഡിന്റെ കാര്യത്തില്‍ ബിജെപി ഒറ്റയ്ക്ക് എതിര്‍ കക്ഷികളെ ബഹുദൂരം പിന്നിലാക്കി കുതിക്കുകയാണ്. 2014 ആവര്‍ത്തിക്കുകയാണ് 2019ലും. ഉത്തര്‍പ്രദേശില്‍ നഷ്ടമായ സീറ്റുകള്‍ ബംഗാളില്‍ പോലും നേട്ടമുണ്ടാക്കി തിരിച്ചുപിടിച്ചിരിക്കുകയാണ്. ബിജെപി അവസാനത്തെ പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടതുപോലെ 300ല്‍ അധികം സീറ്റുകള്‍ നേടി വിജയിക്കുമെന്ന അവകാശവാദം ശരിവെയ്ക്കുന്നതാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍.

ബംഗാളില്‍ അപ്രതീക്ഷിത മുന്നേറ്റം കാഴ്ചവെയ്ക്കാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ബിജെപി ഒന്നാമതെത്തിയിരിക്കുന്നു എന്നതും ശ്രദ്ധേയമായി.

അതേസമയം, കേരളത്തില്‍ യുഡിഎഫ് തരംഗത്തിനിടെ എന്‍ഡിഎയ്ക്ക് ശോഭിക്കാനായിട്ടില്ല. 20 മണ്ഡലങ്ങളിലും യുഡിഎഫ് നേട്ടമുണ്ടാക്കുമ്പോള്‍ എല്‍ഡിഎഫും എന്‍ഡിഎയും തകര്‍ന്നടിയുകയാണ്.

Exit mobile version