തെരഞ്ഞെടുപ്പ് അട്ടിമറിക്ക് നീക്കം? ട്രക്കുകളില്‍ കൂട്ടത്തോടെ പുറത്തു നിന്നുള്ള വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമുകളിലേക്ക് എത്തിക്കുന്നു; പ്രതിഷേധിച്ച് പ്രതിപക്ഷം; വിവാദം കത്തുന്നു

ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

ന്യൂഡല്‍ഹി: വോട്ടിങ് മെഷീനില്‍ സംശയമുയരുന്നതിന് പിന്നാലെ, പുറത്തുനിന്നും വോട്ടിങ് മെഷീനുകള്‍ സ്‌ട്രോങ് റൂമിലേക്ക് എത്തിക്കുന്നതായി വ്യാപക പരാതി. ഇത്തരത്തില്‍ കൂട്ടത്തോടെ എത്തിച്ച വോട്ടിങ് മെഷീനുകള്‍ ബിഹാര്‍, ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് പിടികൂടിയത്. എന്നാല്‍ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. പുറത്തുനിന്നും വോട്ടിങ് മെഷീനുകള്‍ എത്തിക്കുന്നതും പിടികൂടുന്നതുമായ നിരവധി വീഡിയോകളാണ് സോഷ്യല്‍മീഡിയകളില്‍ പ്രചരിക്കുന്നത്.

ഉത്തര്‍പ്രദേശിലെ ഗാസിപുരില്‍ വോട്ടുകള്‍ രേഖപ്പെടുത്തിയ വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിരുന്ന കേന്ദ്രത്തിലേയ്ക്കെത്തിച്ച ഒരു വാന്‍ നിറയെയുള്ള വോട്ടിങ് യന്ത്രങ്ങള്‍ ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞു. ബിഎസ്പി സ്ഥാനാര്‍ത്ഥി അഫ്സല്‍ അന്‍സാരിയുടെ നേതൃത്വത്തില്‍ ബിഎസ്പി പ്രവര്‍ത്തകര്‍ സ്ട്രോങ് റൂമിന് മുന്നില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ ചന്ദൗലി മണ്ഡലത്തിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ എത്തിക്കുന്നതിന്റെയും വാഹനത്തില്‍നിന്നിറക്കി കെട്ടിടത്തിനുള്ളില്‍ സൂക്ഷിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. വോട്ടെടുപ്പിന് രണ്ടു ദിവസങ്ങള്‍ക്കു ശേഷം വോട്ടിങ് കേന്ദ്രത്തില്‍ മെഷീനുകള്‍ എത്തിക്കുന്നതിനെ സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ചോദ്യംചെയ്യുന്നതും വീഡിയോയില്‍ കാണാം.

ചന്ദൗലിയിലെ ബൂത്തുകളില്‍ ആവശ്യം വന്നാല്‍ ഉപയോഗിക്കുന്നതിന് കൂടുതലായി കരുതിയിരുന്ന 35 വോട്ടിങ് മെഷീനുകള്‍ തിരികെ എത്തിക്കുന്നതാണ് വീഡിയോയിലുള്ളതെന്നും ഗതാഗത തടസ്സം മൂലമാണ് ഇവ കേന്ദ്രത്തില്‍ എത്തിക്കാന്‍ വൈകിയതെന്നുമാണ് വീഡിയോ സംബന്ധിച്ച് അധികൃതരുടെ വിശദീകരണം.

ഉത്തര്‍പ്രദേശിലെ ദൊമാരിയഗഞ്ചില്‍ ഒരു മിനി ലോറി നിറയെ വോട്ടിങ് മെഷീനുകള്‍ സ്ട്രോങ് റൂമില്‍ നിന്ന് പുറത്തേയ്ക്ക് കൊണ്ടുപോകാനുള്ള ശ്രമം എസ്പി, ബിഎസ്പി പ്രവര്‍ത്തകര്‍ തടഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. വോട്ടിങ് മെഷീനില്‍ തിരിമറി നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരോപിച്ചു.

ബിഹാറിലെ സരണ്‍ മണ്ഡലത്തില്‍ വോട്ടിങ് മെഷീനുകള്‍ വാഹനത്തില്‍ നീക്കം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ ആര്‍ജെഡി പുറത്തുവിട്ടു. മഹാരാജ് ഗഞ്ച് മണ്ഡലത്തിലും വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ച കേന്ദ്രത്തിലേയ്ക്ക് വാഹനം നിറയെ വോട്ടിങ് യന്ത്രങ്ങള്‍ എത്തിച്ചത് ആര്‍ജെഡി, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തടഞ്ഞു. മഹാരാഷ്ട്ര അടക്കമുള്ള മറ്റു സംസ്ഥാനങ്ങളില്‍നിന്നും സമാനമായ ആരോപണങ്ങള്‍ ഉയരുന്നുണ്ട്.

ഇതിനിടെ, വോട്ടിങ് യന്ത്രങ്ങള്‍ സംബന്ധിച്ച് ഉയരുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. ശരിയായ സുരക്ഷയും നടപടിക്രമങ്ങളും പാലിച്ചാണ് വോട്ടിങ് മെഷീനുകള്‍ കൈകാര്യം ചെയ്യുന്നത്. സ്ഥാനാര്‍ത്ഥികള്‍ക്കും പ്രതിനിധികള്‍ക്കും മുന്നില്‍വെച്ചാണ് വോട്ടിങ് മെഷീനുകള്‍ സീല്‍ ചെയ്യുന്നത്. അത് വീഡിയോയില്‍ ചിത്രീകരിക്കുകയും ചെയ്യുന്നുണ്ട്. സ്ട്രോങ് റൂമുകളില്‍ സുരക്ഷയേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സ്ഥാനാര്‍ഥികളുടെ പ്രതിനിധികള്‍ക്ക് സ്ട്രോങ് റൂമുകള്‍ നിരീക്ഷിക്കാനുള്ള അനുമതിയുമുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

Exit mobile version