പാകിസ്താന്‍ ഡ്രോണെന്ന് തെറ്റിദ്ധരിച്ച് ഇന്ത്യയുടെ തന്നെ കോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തി; ഏഴുപേര്‍ മരിച്ച സംഭവത്തില്‍ വ്യോമസേനയില്‍ നടപടി

ഫെബ്രുവരി 27ന് കാശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്നുവീണ് 7 പേരാണ് കൊല്ലപ്പെട്ടത്.

ശ്രീനഗര്‍: ബലാക്കോട്ടിലെ വ്യോമാക്രമണത്തിന് പിന്നാലെ ഉണ്ടായ പാകിസ്താന്‍-ഇന്ത്യ ഏറ്റുമുട്ടലിനിടെ പാക് ഡ്രോണ്‍ ആണെന്ന് തെറ്റിദ്ധരിച്ച് കോപ്റ്റര്‍ വെടിവെച്ചു വീഴ്ത്തിയ സംഭവത്തില്‍ സൈന്യത്തിനുള്ളില്‍ നടപടി. ശ്രീനഗര്‍ എയര്‍ബേസിലെ എയര്‍ ഓഫീസര്‍ കമാന്‍ഡിങിനെ മാറ്റി. ഫെബ്രുവരി 27ന് കാശ്മീരില്‍ കോപ്റ്റര്‍ തകര്‍ന്നുവീണ് 7 പേരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ സൈന്യത്തിന്റെ വീഴ്ച കണ്ടെത്തിയതിനു പിന്നാലെയാണ് നടപടി. കോപ്റ്റര്‍ തകര്‍ന്നത് വ്യോമസേനയുടെ വെടിവയ്പ്പിലാണെന്ന് സ്ഥിരീകരിച്ചിരുന്നു. പാക് ഡ്രോണാണെന്ന് തെറ്റിദ്ധരിച്ചായിരുന്നു വെടിവയ്‌പ്പെന്നാണ് സൂചന.

അതേസമയം, നടപടിക്രമം പാലിക്കാത്തതിനാണ് വ്യോമസേന നടപടിയെടുത്തതെന്നും കുറ്റക്കാര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ തുടങ്ങുമെന്നും സൂചനയുണ്ട്. ഫെബ്രുവരി 27 നാണ് എംഐ17 ഹെലികോപ്റ്റര്‍ ശ്രീനഗറിന് സമീപമുള്ള ബദ്ഗാമില്‍ തകര്‍ന്ന് വീണത്. കോപ്റ്ററിലുണ്ടായിരുന്ന 6 പേരും ഒരു ഗ്രാമവാസിയുമാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. അഭിനന്ദന്‍ വര്‍ധമാന്റെ യുദ്ധ വിമാനം പാകിസ്താനില്‍ തകര്‍ന്നു വീണ സമയത്തായിരുന്നു ബദ്ഗാമില്‍ ഹെലികോപ്റ്റര്‍ തകര്‍ന്ന് വീണ് 7 പേര്‍ മരിച്ചത്.

ഇതേസമയം, ഇന്ത്യന്‍ വ്യോമസേന നൗഷേര മേഖലയില്‍ പാകിസ്താന്റെ യുദ്ധവിമാനങ്ങളെ തുരത്തിക്കൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിലായിരുന്നു ബദ്ഗാമില്‍ കോപ്റ്റര്‍ തകര്‍ന്നു വീണത്. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്നായിരുന്നു ആദ്യത്തെ വിവരം. പക്ഷെ തുടരന്വേഷണത്തില്‍ വ്യോമസേനയുടെ വീഴ്ച കണ്ടെത്തുകയായിരുന്നു.

Exit mobile version