കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍; അതിനാല്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ല; കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്

ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായിരുന്ന ഉദിത് രാജ് കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്

ന്യൂഡല്‍ഹി: കേരളത്തിലെ ജനങ്ങള്‍ വിദ്യാഭ്യാസമുള്ളവര്‍ ആയതിനാല്‍ ബിജെപിക്ക് ഒരു സീറ്റ് പോലും കേരളത്തില്‍ നിന്ന് ലഭിക്കില്ലെന്ന് കോണ്‍ഗ്രസ് നേതാവ് ഉദിത് രാജ്. കേരളത്തിലെ ജനങ്ങള്‍ക്ക് വിദ്യാഭ്യാസമുണ്ട്. അവര്‍ ഒരിക്കലും ബിജെപിയെ പിന്തുണയ്ക്കില്ല. അതുകൊണ്ട് ബിജെപിക്ക് സീറ്റു പോലും കേരളത്തില്‍ ലഭിക്കില്ലെന്നും ഉദിത് രാജ് പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു ഉദിത് രാജിന്റെ പ്രസ്താവന.

പുറത്ത് വന്ന അരഡസനോളം എക്‌സിറ്റ് പോളുകളും പ്രവചിക്കുന്നത് കേരളത്തില്‍ യുഡിഎഫ്
വിജയമാണ്. അതെസമയം ബിജെപി അക്കൗണ്ട് തുറന്നേക്കാമെന്നും എക്‌സിറ്റ് പോളുകള്‍ പറഞ്ഞിരുന്നു.തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനം രാജശേഖരനായിരുന്നു എക്‌സിറ്റ് പോളുകള്‍ സാധ്യത കല്‍പ്പിച്ചിരുന്നത്.

ഈ സാധ്യതകളെ എല്ലാം തള്ളിക്കളയുകയാണ് കോണ്‍ഗ്രസ് നേതാവായ ഉദിത് രാജ്. ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപിയായിരുന്ന ഉദിത് രാജ് കഴിഞ്ഞ ഏപ്രിലിലാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

Exit mobile version