പിഞ്ചു കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ 250 പേര്‍ മുനമ്പം തീരം വിട്ടിട്ട് നാലു മാസം; ജീവിച്ചിരിപ്പുണ്ടോ എന്നുപോലും അറിയാതെ ഉരുകി ബന്ധുക്കള്‍; തുമ്പില്ലാതെ അന്വേഷണ സംഘവും

വിദേശ നമ്പരുകളില്‍ നിന്ന് ഏതാനും മിസ്‌കോളുകള്‍ ലഭിച്ചെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താന്‍ കുടുംബാംഗങ്ങള്‍ക്കായില്ല.

ന്യൂഡല്‍ഹി: മുനമ്പത്തെ മനുഷ്യക്കടത്ത് കേരളത്തെ ഞെട്ടിച്ചിട്ട് നാലുമാസം പിന്നിട്ടു. എന്നിട്ടും 250 ഓളം പേരുമായി മുനമ്പം തീരത്തു നിന്നും ഓസ്‌ട്രേലിയ ലക്ഷ്യമിട്ട് തിരിച്ച ബോട്ട് കണ്ടെത്താനായിട്ടില്ല. ബോട്ട് ഇന്ത്യന്‍ തീരം വിട്ടിട്ട് നാലു മാസം കഴിഞ്ഞെങ്കിലും ബോട്ട് എവിടെയെത്തി, പോയവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നു പോലും സ്ഥിരീകരിക്കാനാകാതെ കണ്ണീരിലാണ് ബന്ധുക്കള്‍. ഒട്ടേറെ മത്സ്യബന്ധന ബോട്ടുകളും മറ്റും നിറഞ്ഞ കടലില്‍ നിന്നും ഇവരുടെ ബോട്ടിനെ തിരിച്ചറിയാനും സാധിച്ചിട്ടില്ല. വിദേശ നമ്പരുകളില്‍ നിന്ന് ഏതാനും മിസ്‌കോളുകള്‍ ലഭിച്ചെങ്കിലും വിളിച്ചത് ആരെന്ന് കണ്ടെത്താന്‍ കുടുംബാംഗങ്ങള്‍ക്കായില്ല.

ഡല്‍ഹിയിലെ അംബേദ്കര്‍ കോളനിയിലെ കസ്തൂരിയെന്ന അമ്പതുകാരിയുടെ ജീവിതം തന്നെ ഉദാഹരണം. രണ്ടു മക്കളും അവരുടെ ഭാര്യമാരും പിഞ്ചു കുട്ടികളും അംബേദ്കര്‍ നഗറിലെ ഈ വീട് വിട്ടിട്ട് 140ലധികം ദിവസങ്ങളായി. ഇവര്‍ ജീവനോടെയുണ്ടോ എന്നെങ്കിലും അറിയണമെന്നാണ് കസ്തൂരിക്ക് പറയാനുള്ളത്. മക്കളെയോര്‍ത്തു മദ്യപിച്ചു മാനസികനില തെറ്റിയ കസ്തൂരിയുടെ ഭര്‍ത്താവ് ശിവജ്ഞാനം വീട്ടിലേക്ക് വന്നിട്ടും നാളുകള്‍ ഏറെയായി. ഇതുപോലെ മക്കളെയും കുടുംബാംഗങ്ങളെയും കുറിച്ച് ഒരു വിവരവും ലഭിക്കാതെ നെഞ്ചില്‍ തീയേന്തി 50ഓളം കുടുംബങ്ങളാണ് അംബേദ്കര്‍ നഗര്‍ കോളനിയില്‍ കഴിയുന്നത്.

അതേസമയം, വിദേശത്ത് പോയി കുറച്ചുകൂടി സമ്പന്നമായ ജീവിതം നയിക്കാനുള്ള മക്കളുടെ ദുരാഗ്രഹമാണ് എല്ലാത്തിനും കാരണമെന്നും ഈ അമ്മാര്‍ സാക്ഷ്യപ്പെടുത്തുന്നു. വിദേശ നമ്പറുകളില്‍ നിന്ന് ചില കുടുംബങ്ങള്‍ക്ക് മിസ് കോള്‍ ലഭിച്ചിരുന്നു. എന്നാല്‍, തിരിച്ചു വിളിക്കുമ്പോള്‍ കോള്‍ പോകുന്നില്ല. മനുഷ്യാവകാശ കമ്മീഷനും കേന്ദ്ര സര്‍ക്കാരിനും നിരവധി പരാതികള്‍ നല്‍കിയെങ്കിലും മറുപടിയില്ലെന്നും ഇവര്‍ പറയുന്നു.

Exit mobile version