പോളിങ് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമം നടത്തി; ബിജെപി സ്ഥാനാര്‍ത്ഥിയെ പിടിച്ചു പുറത്താക്കി വനിതാ പ്രവര്‍ത്തകര്‍, പൊട്ടിക്കരഞ്ഞ് ബൂത്ത് വിട്ട് സ്ഥാനാര്‍ത്ഥി

ഘോഷിന്റെ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു.

കൊല്‍ക്കത്ത: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. പ്രമുഖര്‍ ഉള്‍പ്പടെ നിരവധി പേര്‍ വോട്ട് രേഖപ്പെടുത്തി. വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ പോളിങ് ബൂത്തിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമം നടത്തിയിരിക്കുകയാണ് ബിജെപി സ്ഥാനാര്‍ത്ഥി. ഘാട്ടിലിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ഭാരതി ഘോഷ് പോളിങ് ബൂത്തില്‍ കയറാന്‍ ശ്രമം നടത്തിയത്. എന്നാല്‍ ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു.

ഘോഷിന്റെ വാഹനങ്ങള്‍ ആക്രമിക്കുകയും ചെയ്തു. പോളിങ് ഏജന്റുമൊത്ത് ബൂത്തില്‍ പ്രവേശിക്കാന്‍ ശ്രമിച്ച ഭാരതി ഘോഷിനെ തൃണമൂല്‍ കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകരാണ് പുറത്താക്കിയത്. പൊട്ടി കരഞ്ഞു കൊണ്ടാണ് ഭാരതി ഘോഷ് ബൂത്ത് വിട്ടത്. അവിടെ നിന്നും മറ്റൊരു പോളിങ് സ്റ്റേഷനിലേയ്ക്ക് പോയ ഭാരതി ഘോഷിനെ അവിടെ നിന്നും പുറത്താക്കിയതായാണ് റിപ്പോര്‍ട്ട്.

‘ഞാന്‍ ഒരു സ്ഥാനാര്‍ത്ഥിയാണ്. ഏതു സമയത്തും എനിക്ക് പോളിങ് ബൂത്തില്‍ പ്രവേശിക്കാനുള്ള അവകാശമുണ്ട്. എന്നെ തടയാന്‍ ശ്രമിക്കുന്നവരെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. തൃണമൂല്‍ കോണ്‍ഗ്രസ് സംഘടിതമായി ആക്രമണം നടത്തുകയാണ്’ ഭാരതി ഘോഷ് ആരോപിച്ചു.

അതേസമയം, മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ബൂത്തില്‍ വീഡിയോ എടുക്കാന്‍ ഭാരതി ഘോഷ് ശ്രമിച്ചുവെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് പരാതിയും നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, കശ്പൂരിനടുത്ത് ഭാരതി ഘോഷിന്റെ വാഹനം ആക്രമിക്കുകയും ഗണ്‍മാന് മര്‍ദ്ദനമേല്‍ക്കുകയും ചെയ്തു. അക്രമണത്തിനിടെ ഭാരതി ഘോഷിന്റെ അംഗരക്ഷകന്റെ വെടിയേറ്റ് തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനും പരിക്കേറ്റിട്ടുണ്ട്.

Exit mobile version