വോട്ടെടുപ്പിനിടെ സ്ഥാനാര്‍ത്ഥികളുടെ ഏറ്റുമുട്ടല്‍; മനേകാ ഗാന്ധിയും സോനു സിങും പോളിങ് സ്‌റ്റേഷനു മുന്നില്‍ കൊമ്പുകോര്‍ത്തു; അമ്പരന്ന് വോട്ടര്‍മാര്‍

മനേകാ ഗാന്ധിയും പ്രതിപക്ഷത്തിന്റെ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായ സോനു സിങും തമ്മിലാണ് ഇന്നു രാവിലെ വോട്ടെടുപ്പിനിടെ വാക്കുതര്‍ക്കമുണ്ടായത്.

സുല്‍ത്താന്‍പുര്‍: വോട്ടെടുപ്പിനിടെ വോട്ടര്‍മാരെ സാക്ഷികളാക്കി പോളിങ് ബൂത്തിനു മുന്നില്‍ വെച്ച് വാക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ട് ബിജെപി സ്ഥാനാര്‍ത്ഥിയും പ്രതിപക്ഷ സഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയും. ആറാംഘട്ട വോട്ടെടുപ്പിനിടെ ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പുര്‍ മണ്ഡലത്തിലാണ് സംഭവം. കേന്ദ്രമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ മനേകാ ഗാന്ധിയും പ്രതിപക്ഷത്തിന്റെ മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയായ സോനു സിങും തമ്മിലാണ് ഇന്നു രാവിലെ വോട്ടെടുപ്പിനിടെ വാക്കുതര്‍ക്കമുണ്ടായത്.

സോനുവിന്റെ അണികള്‍ വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മനേകാ ഗാന്ധിയുടെ ആരോപണം. ഇത് നിഷേധിച്ച് സോനുവും രംഗത്തെത്തിയതോടെ രംഗം പ്രക്ഷുബ്ദമായി. ഇരുവരും തമ്മില്‍ രൂക്ഷമായ വാക്കേറ്റമാണ് ഉണ്ടായത്. ‘ഗുണ്ടായിസം ഇവിടെ നടക്കില്ല’ എന്നു മനേകാ ഗാന്ധി സോനുവിനോടും പറയുന്ന വീഡിയോ എഎന്‍ഐ പുറത്തുവിട്ടിട്ടുമുണ്ട്.
എന്നാല്‍ ആരോപണങ്ങള്‍ നിഷേധിച്ച സോനു, താന്‍ എന്താണു തെറ്റായി ചെയ്തതെന്നു ചോദിക്കുന്നു. തുടര്‍ന്ന് സോനുവിന്റെ ഒപ്പമുണ്ടായിരുന്നവര്‍ മുദ്രാവാക്യം വിളിക്കുകയും അതിനുശേഷം ഇരുകൂട്ടരും പിരിഞ്ഞുപോകുകയും ചെയ്തു.

ഉത്തര്‍പ്രദേശിലെ 14 ലോക്സഭാ സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. സിറ്റിങ് എംപിയായ മനേകാ ഗാന്ധി ഇത്തവണ മത്സരിക്കുന്നതു മകന്‍ വരുണ്‍ ഗാന്ധിയുടെ സിറ്റിങ് സീറ്റായ സുല്‍ത്താന്‍പുരിലാണ്.

Exit mobile version