മേഘങ്ങള്‍ക്ക് വിമാനങ്ങളെ റഡാറില്‍ നിന്നും മറയ്ക്കാനാകും; വ്യോമാക്രമണത്തിന് മഴയുള്ള ദിനം തെരഞ്ഞെടുത്തത് തന്റെ ബുദ്ധിയെന്ന് മോഡി; ‘ബെസ്റ്റ് ബുദ്ധി, കൊണ്ടുപോയി ഉപ്പിലിട്ട് വെയ്‌ക്കെന്ന്’ സോഷ്യല്‍മീഡിയ; ട്രോള്‍ മഴ

താന്‍ അത്ര വിദഗ്ദന്‍ ഒന്നുമല്ലെങ്കിലും തന്റെ ഈ ബുദ്ധി ഒടുവില്‍ വിജയിക്കുകയായിരുന്നു എന്നാണ് മോഡി അവകാശപ്പെട്ടത്.

ന്യൂഡല്‍ഹി: പാകിസ്താനിലെ ബലാക്കോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിന് മേഘങ്ങളുള്ള ദിനം തെരഞ്ഞെടുക്കാന്‍ ബുദ്ധി ഉപദേശിച്ചത് താനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. വ്യോമാക്രമണവുമായി ബന്ധപ്പെട്ട ചാനല്‍ചര്‍ച്ചയ്ക്കിടെയാണ് മോഡി അവകാശവാദം ഉന്നയിച്ചത്. ഇത് വലിയ പ്രധാന്യത്തോടെ ട്വീറ്റ് ചെയ്ത് സോഷ്യല്‍മീഡിയയുടെ ട്രോള്‍ ആക്രമണത്തിന് ഇരയായി ബിജെപി നേതൃത്വം പണി വാങ്ങുകയും ചെയ്തു.

ഫെബ്രുവരിയില്‍ നടന്ന വ്യോമാക്രമണത്തിന് പിന്നില്‍ തന്റെ പ്രത്യേക തിയറിയാണ് പ്രവര്‍ത്തിച്ചത്. താന്‍ അത്ര വിദഗ്ദന്‍ ഒന്നുമല്ലെങ്കിലും തന്റെ ഈ ബുദ്ധി ഒടുവില്‍ വിജയിക്കുകയായിരുന്നു എന്നാണ് മോഡി അവകാശപ്പെട്ടത്. ആക്രമണവുമായി മുന്നോട്ടു പോകണോ എന്നത് സംബന്ധിച്ച് വിദഗ്ധരെല്ലാം രണ്ട് മനസിലായിരുന്നെന്ന് പറഞ്ഞാണ് മോഡി സംസാരം തുടങ്ങിയത്.

”നിങ്ങളിത് കേള്‍ക്കൂ, അന്ന് വ്യോമാക്രമണം നടന്ന ദിനത്തില്‍ കാലാവസ്ഥ അനുകൂലമായിരുന്നില്ല. നല്ല മഴയുള്ള ദിനമായിരുന്നു. മേഘങ്ങളും കൂടുതലായിരുന്നു. ഇതോടെ വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ച ദിവസം മാറ്റാമെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഈ മേഖലയിലെ വിദഗ്ധനോ ശാസ്ത്രജ്ഞനോ ഒന്നുമല്ലെങ്കിലും തന്റെ മനസില്‍ ഒരാശയം ഉദിച്ചു. അത് റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ അപ്പോഴുണ്ടായിരുന്ന മേഘങ്ങള്‍ക്ക് സാധിക്കുമെന്നതാണ്. അത് നമുക്ക് ഗുണം ചെയ്യുമെന്നു തോന്നി. അങ്ങനെയാണ് ഒടുവില്‍ ആ പ്രതികൂല കാലാവസ്ഥയില്‍ തന്നെ ആക്രമണത്തിന് തീരുമാനമാകുന്നത്’. മോഡിയുടെ അവകാശവാദം ഇങ്ങനെ.

ഇത് കേട്ടപാതി കേള്‍ക്കാത്ത പാതി, ബിജെപിയുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലുകള്‍ അതീവ പ്രാധാന്യത്തോടെ വലിയ ശാസ്ത്രതത്വമെന്ന നിലയില്‍ ഈ തിയറി അവതരിപ്പിക്കുകയും ചെയ്തു. ഇതിനു താഴെ പൊങ്കാലയുമായി ട്വിറ്ററാറ്റികളുമെത്തിയതോടെ ബിജെപി വെട്ടിലായി. വ്യാപകമായി പരിഹാസവും വിമര്‍ശനവും പോസ്റ്റിന് താഴെ വന്നുചേര്‍ന്നതോടെ കുഴങ്ങിയത് ബിജെപിയാണ്.

റഡാറുകളുടെ പ്രവര്‍ത്തനത്തെ കുറിച്ച് അറിയാത്ത പ്രധാനമന്ത്രിക്ക് അതൊന്നു പറഞ്ഞുകൊടുക്കാന്‍ ആരുമുണ്ടായില്ലേ എന്നാണ് ട്വിറ്ററില്‍ ഉയരുന്ന ചോദ്യം. അങ്ങനെയാണെങ്കില്‍ അത് വളരെ ഗുരുതരമായ ഒരു ദേശീയ സുരക്ഷാ വീഴ്ചയാണെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നു.

ആധുനിക റഡാര്‍ സംവിധാനത്തില്‍ കാലാവസ്ഥാ മാറ്റത്തിന് പ്രസക്തിയില്ലെന്നും മോഡിയുടെ ഇത്തരമൊരു നിര്‍ദേശം തികച്ചും തെറ്റായിരുന്നെന്നും ഇന്ത്യന്‍ മുന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനായ ഖാലിദ് എഹ്സാന്‍ ചൂണ്ടിക്കാണിച്ചു. അത്തരമൊരു കാലാവസ്ഥയില്‍ ലക്ഷ്യം നേടിയെടുക്കുക പ്രയാസമാണെന്നും ജിപിഎസ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആയുധങ്ങള്‍ തെളിഞ്ഞ കാലാവസ്ഥയിലല്ല ഉപയോഗിക്കുന്നതെങ്കില്‍ അത് വിചാരിക്കുന്ന ഫലം തരില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഈ മണ്ടന്‍ തിയറി കാരണമാണ് വ്യോമാക്രമണം പരാജയപ്പെട്ടതെന്ന് ചിലര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടപ്പോള്‍, കനത്ത മേഘങ്ങള്‍ റഡാറില്‍ നിന്നും വിമാനങ്ങളെ മറച്ചുപിടിക്കുമെന്നുമുള്ള ബുദ്ധിശൂന്യമായ യുക്തി ഉപയോഗിച്ച് മോഡി ഇന്ത്യന്‍ സേനയെ പരിഹസിക്കുകയായിരുന്നു മറ്റൊരു കൂട്ടരുടെ വിമര്‍ശനം.

Exit mobile version