ബുദ്ധപൂര്‍ണിമ ദിനത്തില്‍ സ്‌ഫോടനത്തിന് പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ബുദ്ധപൂര്‍ണിമ ദിവസം ബംഗ്ലാദേശിലും പശ്ചിമബംഗാളിലും ചാവേര്‍ ആക്രമണം നടത്താന്‍ ഭീകരസംഘടനകള്‍ പദ്ധതിയിട്ടതായി ഇന്റലിജന്‍സ് ബ്യൂറോയുടെ റിപ്പോര്‍ട്ട്. ക്ഷേത്രങ്ങളെ ലക്ഷ്യം വെച്ച് ചാവേര്‍ നടത്തുമെന്ന സൂചനയാണ് ഇപ്പോള്‍ പുറത്തുവന്നത്.

വെള്ളിയാഴ്ച്ചയാണ് ആക്രമണം സംബന്ധിച്ച മുന്നറിയിപ്പ് പശ്ചിമബംഗാള്‍ സര്‍ക്കാരിന് കേന്ദ്രസര്‍ക്കാര്‍ കൈമാറിയത്. വിശാഖനക്ഷത്രവും പൗര്‍ണ്ണമിയും ഒത്തുചേരുന്ന ദിവസമായ ബുദ്ധപൂര്‍ണിമ ദിനത്തില്‍ പശ്ചിമബംഗാളും ബംഗ്ലാദേശും ഉള്‍പ്പെടുന്ന മേഖലയില്‍ ഭീകരര്‍ ആക്രമണത്തിന് പദ്ധതിയിട്ടതെന്ന വിവരമാണ് പുറത്തു വന്നത്.

ക്ഷേത്രങ്ങളില്‍ ഗര്‍ഭിണിയായ സ്ത്രീയുടെ വേഷത്തില്‍ ചാവേര്‍ കയറിക്കൂടുമെന്നാണ് റിപ്പോര്‍ട്ട്. ബംഗാള്‍ പ്രവിശ്യയില്‍ ഭീകരാക്രമണം നടത്തുമെന്ന തരത്തിലുള്ള ഭീഷണി സന്ദേശം രണ്ടാഴ്ച്ച മുമ്പ് ഐഎസ് അനുകൂല ടെലിഗ്രാം ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ഇതേത്തുടര്‍ന്ന് സംസ്ഥാനമെമ്പാടുമുള്ള ക്ഷേത്രങ്ങളില്‍ സുരക്ഷ കര്‍ശനമാക്കിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു. കൊളംബോ സ്ഫോടനത്തിന് പത്ത് ദിവസം മുമ്പ് സമാനമായ രീതിയിലുള്ള മുന്നറിയിപ്പ് ശ്രീലങ്കയ്ക്ക് ലഭിച്ചിരുന്നെന്നും അവര്‍ അത് അവഗണിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

Exit mobile version