നിരപരാധികളെ പോലും മോശമായി ചിത്രീകരിക്കുന്നു, വ്യാജമെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാതെ അഹങ്കാരവും! അര്‍ണബിന്റെ റിപ്പബ്ലിക് ചാനലിന് പൂട്ട് വീണേയ്ക്കും

കഴിഞ്ഞ വര്‍ഷം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചുകൊണ്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം.

ന്യൂഡല്‍ഹി: അര്‍ണാബ് ഗോ സ്വാമിയുടെ റിപ്പബ്ലിക് ചാനലിനെതിരെ നടപടി കൈക്കൊള്ളുന്നതായി റിപ്പോര്‍ട്ട്. നിരപരാധികളെ പോലും മോശമായി ചിത്രീകരിക്കുന്നുവെന്നും വ്യാജമെന്ന് തെളിഞ്ഞാല്‍ മാപ്പ് പറയാതെ ഒഴിഞ്ഞുമാറുന്നതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. ചാനലിന്റെ ലൈസന്‍സ് റദ്ദാക്കി പൂട്ടിയേക്കുമെന്ന മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്.

വാര്‍ത്താ സംപ്രേക്ഷണ നിരീക്ഷണ സമിതിയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. നിരപരാധിയായ വ്യക്തിയെ മോശമായി ചിത്രീകരിച്ച സംഭവത്തില്‍ മാപ്പു പറയാന്‍ തയ്യാറാകാത്തതിനാലാണ് നടപടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. റിപ്പബ്ലിക് ടിവി അടച്ചു പൂട്ടണമെന്നും ചാനലിന്റെ ലൈസന്‍സ് റദ്ദ് ചെയ്യണമെന്നും ഇന്‍ഫര്‍മേഷന്‍ ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്നും നിരീക്ഷണ സമിതി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ നടന്ന റാലിയെ വിമര്‍ശിച്ചുകൊണ്ട് നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു സംഭവം. റാലിയില്‍ പങ്കെടുത്ത യുവാവിന്റെ മുഖം വട്ടമിട്ട് കാണിച്ച് അദ്ദേഹത്തെ ഗുണ്ടയെന്നും ഉപദ്രവകാരിയെന്നും പറഞ്ഞ് വാര്‍ത്ത നല്‍കുകയായിരുന്നു. ഇതിനെതിരെയാണ് പരാതി നല്‍കിയത്.

തന്നെ അപമാനിച്ചതില്‍ ചാനലിനെതിരെ യുവാവ് വാര്‍ത്താ സംപ്രേക്ഷണ നിരീക്ഷണ സമിതിയെ സമീപിച്ച് പരാതി നല്‍കി. പരാതി സ്വീകരിച്ച സമിതി ചാനലിനോട് സെപ്തംബര്‍ 7 മുതല്‍ 14 വരെ മാപ്പ് എഴുതിക്കാണിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന്, നിര്‍ദ്ദേശത്തെ മറികടന്ന ചാനല്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കി. എന്നാല്‍ ഹര്‍ജിയും സമിതി തള്ളി. ഇതിനു പിന്നാലെയാണ് ചാനലിനെതിരെ നടപടി എടുക്കാന്‍ ഒരുങ്ങുന്നത്.

Exit mobile version