അർണബിനെ ജയിലിലേക്ക് മാറ്റിയത് കോവിഡ് കേന്ദ്രത്തിൽ ഫോൺ ഉപയോഗിച്ചതിന്; ഫോൺ ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിച്ച് പോലീസ്

മുംബൈ: ഇന്റീരിയർ ഡിസൈനറുടെയും മാതാവിന്റേയും മരണവുമായി ബന്ധപ്പെട്ട കേസിൽ ആത്മഹത്യാ പ്രേരണക്കേസിൽ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റർ ഇൻ ചീഫ് അർണബ് ഗോസ്വാമിയെ നവി മുംബൈയിലെ തലോജ ജയിലിലേക്ക് മാറ്റിയത് ഫോൺ ഉപയോഗം പിടിച്ചതിനാലെന്ന് സൂചന.

ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന അർണബ് അലിബാഗിലെ സ്‌കൂളിൽ ക്വാറന്റൈനിൽ കഴിയവെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് കണ്ടെത്തുകയായിരുന്നു. മൊബൈൽ ഫോൺ ഉപയോഗിച്ചതിനെ തുടർന്ന് റായ്ഗഡ് പോലീസ് അർണബിനെ ഞായറാഴ്ച രാവിലെ ജയിലിലേക്ക് മാറ്റുകയും ചെയ്തു. അർണബിന് ഫോൺ ലഭിച്ചത് സംബന്ധിച്ചുള്ള അന്വേഷണം നടക്കുന്നുണ്ടെന്ന് മുംബൈ പോലീസ് അറിയിച്ചു.

അതേസമയം, തന്റെ ജീവന് ഭീഷണിയുണ്ടെന്നും തന്നെ മർദിച്ചെന്നും അർണബ് ജയിലിലേക്ക് മാറ്റുന്നതിനിടെ പോലീസിൽ വാനിൽ നിന്നും റിപ്പബ്ലിക് ടിവി യോട് പ്രതികരിച്ചു. അർണബിന്റെ ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം ഹൈക്കോടതി വിധി പറയാൻ മാറ്റിയിരുന്നു. കേസിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ വിസമ്മതിച്ച ഹൈക്കോടതി ജാമ്യത്തിന് സെഷൻസ് കോടതിയെ സമീപിക്കാൻ ഹർജിക്കാരോട് ആവശ്യപ്പെട്ടു.

ഇന്റീരിയർ വർക്ക് ചെയ്തതിന്റെ ബാക്കിതുക കിട്ടാത്തതിനെത്തുടർന്ന് ഇന്റീരിയർ ഡിസൈനർ അന്വയ് നായിക്കും അമ്മ കുമുദും ആത്മഹത്യ ചെയ്ത കേസിൽ പോലീസ് പുരന്വേഷണം നടത്തിയത് നടപടിക്രമങ്ങൾ പാലിക്കാതെയാണെന്നും അതുകൊണ്ടുതന്നെ അറസ്റ്റ് നിയമവിരുദ്ധമാണെന്നുമുള്ള വാദമാണ് വെള്ളിയാഴ്ചയും ശനിയാഴ്ചയും നടന്ന വാദങ്ങളിൽ അർണബിനുവേണ്ടി ഹാജരായ അഭിഭാഷകരായ ഹരീഷ് സാൽവേയും ആബാദ് പോണ്ഡയും ഉയർത്തിയത്.

എന്നാൽ, പരാതിക്കാരിയായ അദ്‌നിയ നായിക്കിന്റെ ഭാഗം കേൾക്കാതെയാണ് മജിസ്‌ട്രേറ്റ് കോടതി അന്വേഷണം അവസാനിപ്പിക്കാൻ അനുമതി നൽകിയതെന്നു അന്വയിന്റെ അഭിഭാഷകൻ സുബോധ് ദേസായി ചൂണ്ടിക്കാണിച്ചു. ഉന്നത സ്വാധീനമുള്ള പ്രതിക്ക് ജാമ്യം അനുവദിക്കുന്നത് കേസിനെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

Exit mobile version