ബലാക്കോട്ട് ആക്രമണം, കാശ്മീർ വിഭജനം എല്ലാം മുൻകൂട്ടി കണ്ടു, സന്തോഷിച്ചു; ടിആർപി കേസ് ഒതുക്കാൻ ജഡ്ജിക്ക് കോഴ; പ്രധാനമന്ത്രിയുടെ ഉപദേശകനാകാൻ സഹായം; ആരോപണ കലവറയായി പാർഥോദാസ് അർണബ് ചാറ്റ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവാകാൻ തന്നെ സഹായിക്കണമെന്ന് ബാർക്ക് മുൻ സിഇഒ പാർഥോദാസ് ഗുപ്ത റിപ്പബ്ലിക് ടിവി സ്ഥാപകൻ അർണബ് ഗോസ്വാമിയോട് സഹായമഭ്യർത്ഥിച്ചെന്ന് വാട്‌സ്ആപ്പ് ചാറ്റ്. 2019 ഒക്ടോബർ 16 ന് നടത്തിയ ചാറ്റിലാണ് മാധ്യമ ഉപദേഷ്ടാവായി നിയമനം കിട്ടാൻ ഗുപ്ത അർണബിന്റെ സഹായം തേടിയത്. ബാർക്കിലെ സേവനം തനിക്ക് മടുത്തതായും സ്ഥാപിത താൽപര്യക്കാരുടെ സമ്മർദമുണ്ടെന്നും ഗുപ്ത ചാറ്റിൽ സൂചിപ്പിക്കുന്നു. അർണബ് ഗോസ്വാമിയുടേതെന്ന പേരിൽ പ്രചരിക്കുന്ന വാട്‌സാപ്പ് ചാറ്റിലാണ് ഇക്കാര്യങ്ങളുള്ളത്. മുംബൈ പോലീസിന്റെ റിപ്പോർട്ടിൽ നിന്നും ചോർന്നതെന്ന് കരുതുന്ന ഈ ചാറ്റുകൾ ടൈസ് നൗ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പാർഥോദാസ് ഗുപ്തയേയും അർണബ് ഗോസ്വാമിയേയും പ്രതിക്കൂട്ടിലാക്കിയ ടിആർപി റേറ്റിങിൽ കൃത്രിമത്വം കാണിച്ചെന്ന കേസ് ഒതുക്കാൻ ജഡ്ജിയ്ക്ക് കോഴ നൽകാൻ അർണബിന് പാർഥോദാസ് ഗുപ്ത ഉപദേശം നൽകുന്നതും ചാറ്റിലുണ്ട്. ടിആർപി തട്ടിപ്പിൽ അർണബിനെ ഗുപ്ത അകമഴിഞ്ഞ് സഹായിച്ചതായി വ്യക്തമാക്കുന്നതാണ് ഇരുവരും തമ്മിൽ നടത്തിയ വാട്‌സ്ആപ്പ് സംഭാഷണം. സംഭാഷണത്തിനിടെ അർണബ് രണ്ടു തവണ ഗുപ്തയെ വിളിച്ചതായും ചാറ്റിലുണ്ട്.

ബലാക്കോട്ടിൽ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തെ കുറിച്ചും ജമ്മുകശ്മീരിന്റെ പ്രത്യേകപദവി എടുത്തു കളയുന്നതിനെ കുറിച്ചും അർണബിന് മുൻകൂട്ടി അറിയാമായിരുന്നുവെന്നും പാർഥോദാസ് ഗുപ്തയുമായി നടത്തിയ വാട്‌സാപ്പ് സംഭാഷണങ്ങൾ സൂചിപ്പിക്കുന്നു. ചാനലിന്റെ ടിആർപി റേറ്റിങ് ഇതുകാരണം ഉയർന്നെന്ന് അർണബ് സന്തോഷം പ്രകടിപ്പിക്കുന്നുമുണ്ട്. പുൽവാമ ആക്രമണത്തിന് പിന്നാലെ വലിയൊരു തിരിച്ചടി പാകിസ്താനുണ്ടാകുമെന്ന് അർണബ് പറയുന്നുണ്ട്.

കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ് വിഭജനം നടപ്പാക്കുന്നതും അർണബ് മുൻകൂട്ടി അറിഞ്ഞിരുന്നു. ഇതുപ്രകാരം മാധ്യമസംഘത്തെ മൂന്ന് ദിവസം മുമ്പ് അർണബ് കാശ്മീരിലേക്ക് അയയ്ക്കുകയും ചെയ്തിരുന്നു. പ്രധാമന്ത്രിയുടെ ഓഫീസിൽ എല്ലാം നമ്മുടെ ആളുകളാണെന്ന് അർണബ് പറയുന്നതായും ചാറ്റിലുണ്ട്.

സംഭാഷണങ്ങൾ പുറത്തുവന്നതിന് പിന്നാലെ പാർഥോദാസ് ഗുപ്തയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രക്തസമ്മർദം വർധിക്കുകയും രക്തത്തിൽ പഞ്ചസാരയുടെ അളവ് കുറയുകയും ചെയ്തതിനെ തുടർന്നാണിത്. ടിആർപി തട്ടിപ്പുമായി ബന്ധപ്പെട്ട് ഡിസംബർ 24 ന് അറസ്റ്റ് ചെയ്ത ഗുപ്ത ജയിലിലായിരുന്നു.

Exit mobile version