കല്‍ക്കരി മാഫിയയുമായി ബംഗാള്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്ന് നരേന്ദ്ര മോഡി; ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ മോഡി 100 തവണ ഏത്തമിടണമെന്ന് മമത

ബന്‍കുരയില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ മോഡി ആരോപണമുന്നയിച്ചത്.

കൊല്‍ക്കത്ത: ബംഗാള്‍ സര്‍ക്കാരിന് കല്‍ക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന മോഡിയുടെ ആരോപണത്തിനെതിരെ പ്രതികരണവുമായി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി രംഗത്ത്. ആരോപണം തെറ്റാണെന്ന് തെളിഞ്ഞാല്‍ അദ്ദേഹം 100 തവണ ഏത്തമിടണമെന്ന് മമത ബാനര്‍ജി പറഞ്ഞു. ബന്‍കുരയില്‍ പൊതുജന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ മോഡി ആരോപണമുന്നയിച്ചത്.

കല്‍ക്കരി ഖനികളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റ മാഫിയ ഭരണമായിരുന്നു എന്നാണ് പ്രധാനമന്ത്രി പ്രസംഗിത്തില്‍ പറഞ്ഞത്. തൊഴിലാളികള്‍ പട്ടിണിക്കിടക്കുമ്പോഴും തൃണമൂല്‍ പണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും മോഡി അരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മമത ബാനര്‍ജി രംഗത്തെത്തിയത്.

തൃണമൂലിന് കല്‍ക്കരി മാഫിയയുമായി ബന്ധമുണ്ടെന്ന് തെളിയിക്കാനായാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ എല്ലാ സ്ഥാനാര്‍ത്ഥികളെയും പിന്‍വലിക്കുമെന്ന് മമത പറഞ്ഞു. എന്നാല്‍ തെറ്റാണെന്ന് തെളിഞ്ഞാല്‍ നരേന്ദ്രമോഡി 100 തവണ ഏത്തമിടണമെന്നും മമത ആവശ്യപ്പെട്ടു.

Exit mobile version