‘ നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തിയാല്‍ മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും’ ; മമത ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ്

പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നുഴഞ്ഞുകയറ്റക്കാര്‍ ആരൊക്കെയെന്ന് കണ്ടുപിടിക്കും. ഇത് മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും.

ഇന്‍ഡോര്‍: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ ആഞ്ഞടിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയ്‌വര്‍ഗിയ. മമതാ ബാനര്‍ജിയുടെ മാനസികനില തകരാറിലായെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ രജിസ്റ്ററിനെതിരെയും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധം തുടരണമെന്ന് ആവശ്യപ്പെടുമെന്ന് മമത പറഞ്ഞതിന് പിന്നാലെയാണ് ബിജെപി നേതാവിന്റെ പ്രതികരണം.

‘ എനിക്ക് തോന്നുന്നത് മമതയുടെ മാനസികനില തകരാറിലായെന്നാണ്. പൗരത്വ നിയമ ഭേദഗതിക്ക് ശേഷം നുഴഞ്ഞുകയറ്റക്കാര്‍ ആരൊക്കെയെന്ന് കണ്ടുപിടിക്കും. ഇത് മമതയുടെ വോട്ട് ബാങ്കിനെ ബാധിക്കും. മമത വൈദ്യപരിശോധന നടത്തണം’- കൈലാസ് വിജയ്‌വര്‍ഗിയ കൂട്ടിച്ചേര്‍ത്തു.

പൗരത്വ നിയമ ഭേദഗതിക്കെതിരായും എന്‍ആര്‍സിക്കെതിരായും പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് പ്രതിഷേധവുമായി മുമ്പോട്ടു പോകണമെന്ന് ആവശ്യപ്പെടുമെന്ന് വ്യാഴാഴ്ച കൊല്‍ക്കത്തയിലെ റാലിക്കിടെ മമത ബാനര്‍ജി പറഞ്ഞിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു കൈലാസ് വിജയ്‌വര്‍ഗിയ.

Exit mobile version