‘ എന്റെ രാജ്യം അപരിചിതമായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ ! കവിത എഴുതി വ്യത്യസ്ത പ്രതിഷേധവുമായി മമത ബാനര്‍ജി

കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.

കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. കവിതയെഴുതിയാണ് മമത ബാനര്‍ജിയുടെ പ്രതിഷേധം.

‘ഞങ്ങളുടെ അവകാശങ്ങളെ ചവിട്ടിമെതിക്കാന്‍ നിങ്ങള്‍ക്ക് ആരാണ് അവകാശം തന്ന’തെന്ന് കേന്ദ്രസര്‍ക്കാരിനോട് മമത കവിതയിലൂടെ ചോദിക്കുന്നു. മോഡിസര്‍ക്കാരിന്റെ തീരുമാനത്തെ ‘വിദ്വേഷത്തിനുളള ഉപകരണം’ എന്നാണ് മമത വിശേഷിപ്പിച്ചിരിക്കുന്നത്.

തന്റെ ഫേസ്ബുക്ക് പേജിലാണ് മമത കവിത പോസ്റ്റ് ചെയ്തിരിക്കുന്നത്. ബംഗാളിയിലും ഇംഗ്ലീഷിലും കവിത പോസ്റ്റ് ചെയ്തിട്ടുണ്ട്. ബംഗാളി കവിതയ്ക്ക് ‘അധികാര്‍’ എന്നാണ് പേര്. ഇംഗ്ലീഷില്‍ ‘റൈറ്റ്’ എന്നാണ് കവിതയ്ക്ക് തലക്കെട്ട് നല്‍കിയിരിക്കുന്നത്.

‘എന്റെ രാജ്യം അപരിചിതമായിരിക്കുന്നു, ഇതെന്റെ മാതൃരാജ്യമല്ല’ എന്നും കവിതയില്‍ പറയുന്നു. ‘ഇന്ത്യ ഒരിക്കലും വിവേചനത്തെക്കുറിച്ച് പഠിപ്പിക്കുന്നില്ല’ എന്നാണ് മമത കവിതയില്‍ കുറിച്ചിരിക്കുന്നത്. ‘നിങ്ങളെയും നിങ്ങളുടെ ബോധ്യങ്ങളെയും ഓര്‍ത്ത് ലജ്ജിക്കുന്നു’ എന്നും മമത എഴുതിയിട്ടുണ്ട്.

തനിക്ക് ജീവനുള്ളിടത്തോളം കാലം ബംഗാളില്‍ പാരത്വ നിയമ ഭേദഗതി നടപ്പില്‍ വരുത്താന്‍ സാധിക്കില്ലെന്ന് മമത ബാനര്‍ജി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. മമതയുടെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധമാണ് ബംഗാളില്‍ നടന്നുകൊണ്ടിരിക്കുന്നത്.

Exit mobile version