പശ്ചിമ ബംഗാളില്‍ ബിജെപി സ്ഥാനാര്‍ത്ഥി സഞ്ചരിച്ച കാറില്‍ നിന്നും 1.13ലക്ഷം രൂപ പിടിച്ചെടുത്തു; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയെന്ന് ആരോപണം

തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും ഇത്രയും പണം പിടിച്ചെടുത്തത്.

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥി ഭാരതി ഘോഷിന്റെ കാറില്‍ നിന്നും 1.13 ലക്ഷം രൂപ പിടിച്ചെടുത്തു. തെരഞ്ഞെടുപ്പിനു രണ്ടു ദിവസം മാത്രം ബാക്കി നില്‍ക്കെയാണ് ഭാരതിയുടെ വാഹനത്തില്‍ നിന്നും ഇത്രയും പണം പിടിച്ചെടുത്തത്.

ഘട്ടല്‍ മണ്ഡലത്തിലെ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയാണ് ഭാരതി ഘോഷ്. ഇന്നലെ രാത്രിയായിരുന്നു സംഭവം. ഭാരതി ഘോഷ് സഞ്ചരിച്ചു കൊണ്ടിരുന്ന കാര്‍ പടിഞ്ഞാറന്‍ മിഡ്നാപൂരിലെ മംഗള്‍ ഭാര്‍ മേഖലയില്‍ പോലീസ് തടയുകയായിരുന്നു.

‘1,13,815 രൂപ ഷോഘിന്റെ വാഹനത്തില്‍ നിന്നും പിടിച്ചെടുത്തു. ഘോഷ് പണം കൊണ്ടു പോകുന്നുവെന്ന സന്ദേശം ലഭിച്ചതിനെ തുടര്‍ന്നാണ് പോലീസ് പരിശോധന തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് മൂന്നു മണിക്കൂറോളം ഘോഷിനെ കസ്റ്റഡിയില്‍ എടുത്തു. പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ചോദ്യം ചെയ്യലിനുശേഷം ഘോഷിനെ സ്റ്റേഷനില്‍ നിന്നും വിട്ടയച്ചത്.

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വേണ്ടിയാണ് ഘോഷ് പണം കൊണ്ടുനടന്നതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. തന്റെ വ്യക്തിപരമായ ചെലവുകള്‍ക്കുവേണ്ടിയാണ് പണം കൊണ്ടുനടന്നതെന്നാണ് ഘോഷ് പറയുന്നത്.

Exit mobile version