കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയവരില്‍ ശിവരാജ് സിങ് ചൗഹാന്റെ സഹോദരനും അമ്മാവന്റെ മകനും ഉണ്ട്! മറുപടി നല്‍കി രാഹുല്‍ ഗാന്ധി, നിലയ്ക്കാതെ വാക്‌പോര്

തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ഫോണ്‍ വാങ്ങിയാണ് ഇരുവരുടെയും പേരുകള്‍ വായിച്ചത്.

ഭോപ്പാല്‍: മധ്യപ്രദേശിലെ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയത് സംബന്ധിച്ചുള്ള ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള വാക്‌പോരുകള്‍ ഇപ്പോഴും ശക്തമായി തന്നെ തുടരുകയാണ്. കടങ്ങള്‍ എഴുതി തള്ളുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് വാക്കുപാലിക്കാതെ കര്‍ഷകരെ പറ്റിച്ചെന്ന ശിവരാജ് സിങ് ചൗഹാന്റെ വിമര്‍ശനത്തിനുള്ള മറുപടി നല്‍കിയാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരിക്കുന്നത്.

കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളിയ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹായം കിട്ടിയവരില്‍ മുന്‍മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ സഹോദരന്‍ രോഹിത് സിങും അമ്മാവന്റെ മകന്‍ നിരഞ്ജന്‍ സിങ്ങുമുണ്ടെന്നാണ് രാഹുല്‍ നല്‍കിയ മറുപടി. തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ രാഹുല്‍ ഗാന്ധി വേദിയിലുണ്ടായിരുന്ന മുഖ്യമന്ത്രി കമല്‍നാഥിന്റെ ഫോണ്‍ വാങ്ങിയാണ് ഇരുവരുടെയും പേരുകള്‍ വായിച്ചത്.

മധ്യപ്രദേശില്‍ അധികാരത്തിലെത്തിയതിന് ശേഷം 21 ലക്ഷം കര്‍ഷകരുടെ കടങ്ങള്‍ എഴുതി തള്ളിയെന്ന് അവകാശപ്പെട്ടു കൊണ്ട് കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം രേഖകള്‍ പുറത്തു വിട്ടിരുന്നു. എന്നാല്‍ വിമര്‍ശനമുന്നയിച്ച് ശിവരാജ് സിങ് ചൗഹാന്‍ രംഗത്ത് വരികയായിരുന്നു. ഇതില്‍ പ്രതിഷേധ സൂചകമായി കര്‍ഷകരുടെ പേര് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചും മുന്‍മുഖ്യമന്ത്രിക്ക് ച്യവനപ്രാശം അയച്ചുകൊടുത്തും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്.

Exit mobile version