ഘൂന്‍ഘട്ടും നിരോധിക്കണമെന്ന വാദം പിന്‍വലിച്ചില്ലെങ്കില്‍ കണ്ണുകുത്തി പൊട്ടിക്കും; നാവ് പിഴുതെടുക്കും; ജാവേദ് അക്തറിനെ ഭീഷണിപ്പെടുത്തി കര്‍ണിസേന

ജാവേദ് തന്റെ പ്രസ്താവന മൂന്ന് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്, നാവ് പിഴുതെടുക്കുമെന്ന് കര്‍ണി സേന പറഞ്ഞു

ജയ്പുര്‍: മുസ്‌ളീം സ്ത്രീകളുടെ മുഖാവരണമായ ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ ഹിന്ദു സ്ത്രീകളുടെ മുഖാവരണമായ ഘുന്‍ഘട്ടും നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ട കവിയും എഴുത്തുകാരനുമായ ജാവേദ് അക്തറിനെ ഭീഷണിപ്പെടുത്തി തീവ്രവലതു സംഘടനയായ കര്‍ണിസേന. രാജ്യത്ത് മുസ്‌ളീം സത്രീകള്‍ ധരിക്കുന്ന ബുര്‍ഖ നിരോധിക്കുന്നതിന് താന്‍ എതിരല്ലെന്നും ഈ യുക്തി അനുസരിച്ച് രാജസ്ഥാനിലെ അവസാന ഘട്ട തെരഞ്ഞെടുപ്പിന് മുമ്പ് ഹിന്ദു സ്ത്രീകള്‍ മുഖം മറയ്ക്കാനുപയോഗിക്കുന്ന ഘൂന്‍ഘട്ടും നിരോധിക്കാന്‍ ധൈര്യം കാണിക്കണമെന്നായിരുന്നു ജാവേദ് പറഞ്ഞത്.

അതേസമയം, ജാവേദ് തന്റെ പ്രസ്താവന മൂന്ന് ദിവസത്തിനകം പിന്‍വലിച്ചില്ലെങ്കില്‍ അദ്ദേഹത്തിന്റെ കണ്ണുകള്‍ കുത്തിപ്പൊട്ടിച്ച്, നാവ് പിഴുതെടുക്കുമെന്ന് കര്‍ണി സേന പറഞ്ഞു. ടൈംസ് ഓഫ് ഇന്ത്യയില്‍ പ്രസിദ്ധീകരിച്ച കര്‍ണി സേനയുടെ വീഡിയോ സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്.

‘മാപ്പ് പറഞ്ഞില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കണ്ണ് ചൂഴ്ന്നെടുത്ത് നാക്ക് പിഴുതെറിയും. നിങ്ങളെ ഞങ്ങള്‍ വീട്ടില്‍ കയറി തല്ലും’ എന്നായിരുന്നു കര്‍ണി സേനയുടെ ഭീഷണി. അതേസമയം, താന്‍ പറഞ്ഞത് വളച്ചൊടിക്കുകയായിരുന്നെന്നും ‘സുരക്ഷയുടെ കാര്യം വരുമ്പോള്‍ മുഖം മറയ്ക്കുന്നത് പ്രശ്നമാണ്. ബുര്‍ഖ നിരോധിക്കുകയാണെങ്കില്‍ ഘൂന്‍ഘട്ടിന്റെ കാര്യവും പരിഗണിക്കണം. ബുര്‍ഖയുടേയും ഘൂന്‍ഘട്ടിന്റേയും ആവശ്യം എന്താണ്’- എന്നാണ് താന്‍ ചോദിച്ചതെന്നും ജാവേദ് അക്തര്‍ പിന്നീട് വിശദീകരിച്ചിരുന്നു.

‘ആളുകള്‍ എന്റെ പ്രസ്താവന വളച്ചൊടിക്കുകയാണ്. ശ്രീലങ്കയില്‍ ഇത് സുരക്ഷാ കാരണങ്ങളാലാണ് ചെയ്തെന്നും, എന്നാല്‍ ഇത് സ്ത്രീശാക്തീകരണത്തിന് ആവശ്യമാണെന്നുമാണ് ഞാന്‍ പറഞ്ഞത്. നിഖാബ് ആണെങ്കിലും ഘൂന്‍ഘട്ട് ആണെങ്കിലും മുഖം മറയ്ക്കുന്നത് അവസാനിപ്പിക്കണം’- എന്ന് തന്റെ പ്രസ്താവനയെ വിശദീകരിച്ചു കൊണ്ട് അക്തര്‍ ട്വീറ്റ് ചെയ്തിരുന്നു.

Exit mobile version