മോഡി കാലത്തിനു മുമ്പും മിന്നലാക്രമണം നടന്നെന്ന് ഹൂഡ; ‘ഞാനറിയാതെ എപ്പോള്‍ നടന്നെന്ന് ഒന്നു പറയാമോ?’ കോണ്‍ഗ്രസിന് നുണപറയുന്ന ശീലമെന്ന് വികെ സിങ്

രാഷ്ട്രീയ പാര്‍ട്ടികള്‍ സായുധ സേനകളെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഹൂഡ പറഞ്ഞിരുന്നു.

ജയ്പുര്‍: മോഡി സര്‍ക്കാരിന് മുമ്പ് ഉണ്ടായിരുന്ന യുപിഎ സര്‍ക്കാര്‍ കാലത്തും മിന്നലാക്രമണം നടന്നിട്ടുണ്ടെന്ന് 2016 ല്‍ പാക് അധീന കശ്മീരില്‍ കരസേനയുടെ മിന്നലാക്രമണത്തിനു നേതൃത്വം നല്‍കിയ വടക്കന്‍ സേനാ കമാന്‍ഡ് മുന്‍ മേധാവി ലഫ്. ജനറല്‍ (റിട്ട) ഡിഎസ് ഹൂഡയുടെ വാദം വിവാദത്തില്‍. വിരമിച്ച മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരടക്കം പലരും പറയുന്നതുപോലെ അതിര്‍ത്തി കടന്നു ഭീകരരെയും അവരുടെ താവളങ്ങളെയും മുമ്പും ആക്രമിച്ചിട്ടുണ്ട്. കൃത്യമായ തീയതികള്‍ ഓര്‍മയില്ലെന്നും എന്നാല്‍, രാഷ്ട്രീയ പാര്‍ട്ടികള്‍ സായുധ സേനകളെ രാഷ്ട്രീയത്തിലേക്കു വലിച്ചിഴയ്ക്കരുതെന്നും ഹൂഡ പറഞ്ഞിരുന്നു.

ഇത് ഇന്ത്യയുടെ അഭിമാനമായ സേനാ സംവിധാനത്തിന്റെ തകര്‍ച്ചയ്ക്കു കാരണമാകും. ഇക്കാര്യത്തില്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ നിര്‍ദേശിച്ച നിയന്ത്രണങ്ങള്‍ പാലിക്കാന്‍ പാര്‍ട്ടികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുപിഎ സര്‍ക്കാരിന്റെ കാലത്തും മിന്നലാക്രമണം നടന്നിട്ടുണ്ടെന്ന കോണ്‍ഗ്രസ് വാദത്തെ ‘വിഡിയോ ഗെയിം’ എന്നു വിളിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പരിഹസിച്ചത്.

എന്നാല്‍ യുപിഎ കാലത്തെ മിന്നലാക്രമണ വാദത്തെ തള്ളി വിദേശകാര്യ സഹമന്ത്രിയും അന്നത്തെ കരസേനാ മേധാവിയുമായിരുന്ന ജനറല്‍ (റിട്ട) വികെ സിങ് രംഗത്തെത്തി. കോണ്‍ഗ്രസിനു നുണ പറയുന്ന ശീലമുണ്ടെന്നും താനറിയാതെയാണോ മിന്നലാക്രമണം നടന്നതെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘ഞാന്‍ കരസേനാ മേധാവിയായിരുന്ന കാലത്ത് ഞാനറിയാതെ ഏത് മിന്നലാക്രമണമാണ് നടന്നതെന്നു കോണ്‍ഗ്രസിനു പറയാമോ? മറ്റൊരു കഥ മെനയാന്‍ ഏതെങ്കിലും അട്ടിമറിക്കാരനെ (സിങ് മേധാവിയായിരുന്നപ്പോള്‍ ഭരണകൂടത്തെ അട്ടിമറിക്കാന്‍ കരസേന ശ്രമിച്ചുവെന്ന വാര്‍ത്തയെ പരാമര്‍ശിച്ച്) നിങ്ങള്‍ വാടകയ്‌ക്കെടുത്തിട്ടുണ്ടെന്ന് ഉറപ്പാണ്’ – വികെ സിങ് പറയുന്നു.

Exit mobile version