കാര്‍ഷിക പ്രതിസന്ധിയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍

തൊഴിലില്ലായ്മക്കൊപ്പം കാര്‍ഷിക മേഖലയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍. ഇത് തന്നെയാണ് രാജസ്ഥാനിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയും.

ജയ്പൂര്‍: തൊഴിലില്ലായ്മക്കൊപ്പം കാര്‍ഷിക മേഖലയില്‍ വലഞ്ഞ് രാജസ്ഥാന്‍ കര്‍ഷകര്‍. ഇത് തന്നെയാണ് രാജസ്ഥാനിലെ ഇത്തവണത്തെ പ്രധാന തെരഞ്ഞെടുപ്പ് ചര്‍ച്ചയും. എന്നാല്‍ കര്‍ഷകരുടെ പ്രതിഷേധങ്ങളെ ബാലക്കോട്ട് വ്യോമാക്രമണവും പുല്‍വാമ ഭീകരാക്രമണവും ഉയര്‍ത്തി മറി കടക്കാനാണ് ബിജെപി ശ്രമിക്കുന്നത്. രാജസ്ഥാനില്‍ ബാക്കിയുള്ള 12 മണ്ഡലങ്ങളിലേക്ക് നാളെ വോട്ടെടുപ്പ് നടക്കും.

ഇപ്പോള്‍ രാജസ്ഥാനിലെ പാടങ്ങളില്‍ സവാള വിളവെടുക്കുകയാണ് കര്‍ഷകര്‍. കിലോക്ക് ആറുരൂപയില്‍ താഴെയാണ് സവാളക്ക് കര്‍ഷകര്‍ക്ക് കിട്ടുന്ന വില. കാര്‍ഷിക ഉല്പന്നങ്ങള്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഈ കര്‍ഷകര്‍ കുറ്റപ്പെടുത്തുന്നു.

തൊഴിലാളികളുടെയും കര്‍ഷകരുടെയും പ്രശ്‌നങ്ങളാണ് കഴിഞ്ഞ ഡിസംബറിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപി സര്‍ക്കാരിനെ താഴെയിറക്കിയത്. നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രഭാവം ലോക്‌സഭയിലും ആവര്‍ത്തിക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതീക്ഷ. തൊഴിലില്ലായ്മയും കാര്‍ഷിക-കുടിവെള്ള പ്രശ്‌നങ്ങളും ചര്‍ച്ചയാകുമ്പോള്‍ അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും പുല്‍വാമയും തന്നെയാണ് ബിജെപിക്ക് ആയുധം.

2014ല്‍ 25ല്‍ 25 സീറ്റും നേടിയ ബിജെപിക്ക് ഇത്തവണ ആ തരംഗം ആവര്‍ത്തിക്കാന്‍ സാധിച്ചേക്കില്ല. പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ശക്തമായ സാന്നിധ്യമാണ്. പോരാട്ടം ശക്തമാകുമെന്നുറപ്പാണ്.

Exit mobile version