യുവതിയെ പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി തറയില്‍ തല ഇടിപ്പിച്ചു കൊലപ്പെടുത്തി; എഞ്ചിനീയറായ ഭര്‍ത്താവും കാമുകിയും പിടിയില്‍

ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ കുറച്ചുനാളായി ജോലി ചെയ്ത് വരികയായിരുന്നു പൂജ.

ന്യൂഡല്‍ഹി: മയക്കുമരുന്ന് നല്‍കി മയക്കിയ യുവതിയെ തലയിടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവും കാമുകിയും അറസ്റ്റില്‍. ഡല്‍ഹിയിലാണ് സംഭവം. പൂജ റായിയെ (26) കൊലപ്പെടുത്തിയ കേസിലാണ് ഭര്‍ത്താവ് രാഹുല്‍ കുമാര്‍ മിശ്ര (32), കാമുകി പദ്മ തിവാരി (33) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തത്. പൂജയ്ക്ക് കുടിക്കാന്‍ നല്‍കിയ ശീതള പാനീയത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി മയക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്.

രാഹുല്‍ കുമാറും പദ്മയും സ്‌കൂള്‍ കാലഘട്ടം മുതല്‍ സുഹൃത്തുക്കളാണ്. ഇവരുടെ ബന്ധത്തില്‍ പൂജയ്ക്ക് സംശയവുമുണ്ടായിരുന്നു. ഒരു ബഹുരാഷ്ട്ര കമ്പനിയില്‍ കുറച്ചുനാളായി ജോലി ചെയ്ത് വരികയായിരുന്നു പൂജ. മറ്റൊരു ജോലിക്കായി ഇവരുടെ ആവശ്യമുണ്ടെന്ന വ്യാജേന എത്തിയ പദ്മ, പൂജയ്ക്ക് മയക്കുമരുന്ന് കലര്‍ത്തിയ ജ്യൂസ് നല്‍കുകയായിരുന്നു.

തുടര്‍ന്ന് തളര്‍ന്നുവീണ പൂജയുടെ തല തറയില്‍ ഇടിപ്പിച്ചാണ് കൊലപാതകം നടത്തിയത്. പൂജയുടെ മരണം ഉറപ്പാക്കുന്നത് വരെ തറയില്‍ തല പിടിച്ച് ഇടിപ്പിച്ചു. മരണം ആത്മഹത്യയായി ചിത്രീകരിക്കാന്‍ വ്യാജ ആത്മഹത്യാ കുറിപ്പ് എഴുതി വയ്ക്കുകയും ചെയ്തു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടം പരിശോധനയില്‍ കൊലപാതകം തെളിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് ഫോണ്‍ രേഖകള്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തില്‍ കുറ്റകൃത്യം തെളിയുകയായിരുന്നു.

Exit mobile version