ഞാനും ഒരമ്മയാണ്! കുട്ടികളെ തെറ്റ് പഠിപ്പിക്കാന്‍ തന്നെക്കൊണ്ട് എങ്ങനെ കഴിയും? സ്മൃതി ഇറാനിയുടെ ആരോപണങ്ങളോട് പ്രിയങ്കാ ഗാന്ധി

ന്യൂഡല്‍ഹി: കുട്ടികളെ താന്‍ മോശം പെരുമാറ്റമുള്ളവരാക്കി മാറ്റിയെന്ന കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തോട് രൂക്ഷമായി പ്രതികരിച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വധേര. താനൊരു അമ്മയാണെന്നും കുട്ടികളെ തെറ്റായ മൂല്യങ്ങള്‍ പഠിപ്പിക്കാന്‍ തന്നെക്കൊണ്ട് കഴിയുമെന്നാണോ വിചാരിക്കുന്നതെന്നുമാണ് ദേഷ്യത്തോടെ പ്രിയങ്ക പ്രതികരിച്ചത്.

‘ഞാനും ഒരമ്മയാണ്. ഞാനെന്തെങ്കിലും തെറ്റായത് കുട്ടികളെ പഠിപ്പിക്കില്ല. കുട്ടികളെ വളര്‍ത്താനാണ് ഞാനെന്റെ ജീവിതം ചെലവഴിച്ചത്, അതുകൊണ്ടാണ് ഞാന്‍ രാഷ്ട്രീയത്തിലെത്താന്‍ പോലും തയ്യാറാകാഞ്ഞത്. അങ്ങനെയുള്ള ഞാന്‍ കുട്ടികളെ തെറ്റായ മൂല്യങ്ങള്‍ പഠിപ്പിക്കുമോ?’ പ്രിയങ്ക ചോദിച്ചു.

പ്രിയങ്കാ ഗാന്ധിയുടെ സാന്നിധ്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ മുദ്രാവാക്യം വിളിക്കുന്ന കുട്ടികളുടെ വീഡിയോ വ്യാപകമായി കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതേത്തുടര്‍ന്ന് നിരവധി ബിജെപി നേതാക്കളാണ് പ്രിയങ്കയ്ക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയത്. സംസ്‌കാരമുള്ള കുടുംബങ്ങള്‍ തങ്ങളുടെ കുട്ടികളെ പ്രിയങ്കയില്‍ നിന്ന് അകറ്റിനിര്‍ത്തണമെന്നും അല്ലാത്തപക്ഷം അവര്‍ കുട്ടികളെ മോശം പെരുമാറ്റമുള്ളവരാക്കി മാറ്റുമെന്നായിരുന്നു സ്മൃതി ഇറാനിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് പ്രിയങ്ക ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.

ആ വീഡിയോ പൂര്‍ണമായും കണ്ടാല്‍ തെറ്റിദ്ധാരണ മാറാവുന്നതേയുള്ളു എന്നും പ്രിയങ്ക പറഞ്ഞു. റോഡില്‍ നിന്നിരുന്ന കുട്ടികളെ കണ്ട് താന്‍ കാറില്‍ നിന്നിറങ്ങിച്ചെല്ലുകയായിരുന്നു. കുട്ടികള്‍ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ എന്ന് പറഞ്ഞു. അവരോട് അങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ വിളിക്കരുതെന്നും നല്ലതെന്തെങ്കിലും പറയാനുമാണ് താന്‍ ആവശ്യപ്പെട്ടത്. അപ്പോഴവര്‍ രാഹുല്‍ ഗാന്ധി സിന്ദാബാദ് എന്ന് പറഞ്ഞെന്നും പ്രിയങ്ക പ്രതികരിച്ചു.

Exit mobile version