സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം: ശമ്പളത്തോട് കൂടിയ അവധി അനുവദിക്കേണ്ട

ന്യൂഡല്‍ഹി: ശമ്പളത്തോട് കൂടിയ ആര്‍ത്തവാവധി സ്ത്രീകള്‍ക്ക് അനുവദിക്കേണ്ടെന്ന് കേന്ദ്ര വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി. സ്ത്രീകളുടെ ജീവിതത്തിലെ സ്വാഭാവിക പ്രക്രിയയാണ് ആര്‍ത്തവം. അത് വൈകല്യമല്ലെന്നും മന്ത്രി വ്യക്തമാക്കി. ആര്‍ത്തവമുള്ള സ്ത്രീയെന്ന നിലയിലാണ് താന്‍ ഇത് പറയുന്നതെന്നും മന്ത്രാലയത്തിന്റെ ഔദ്യോഗിക നിലപാടല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭയിലെ ചോദ്യോത്തരവേളയില്‍ ആര്‍ജെഡി അംഗമായ മനോജ് കുമാര്‍ ഝായുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തുല്യ അവസരങ്ങള്‍ സ്ത്രീകള്‍ക്ക് നിഷേധിക്കപ്പെടുന്നതടക്കമുള്ള വിഷയങ്ങളാണ് ഉയര്‍ത്തിക്കാട്ടേണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ബിഹാര്‍ 1990കളില്‍ സ്ത്രീകള്‍ക്ക് ആര്‍ത്തവ അവധി അനുവദിച്ചുവെന്നും പിന്നീട് കേരളവും ഈ പാത പിന്‍തുടര്‍ന്നുവെന്നും ചൂണ്ടിക്കാട്ടിയ ഝാ, ഇക്കാര്യത്തില്‍ അവധി ഉറപ്പാക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ എന്ത് നടപടികള്‍ സ്വീകരിച്ചുവെന്നായിരുന്നു ചോദ്യം ഉന്നയിച്ചത്. കഴിഞ്ഞയാഴ്ച ശശി തരൂര്‍ ഈ വിഷയത്തില്‍ ലോക്‌സഭയില്‍ ചോദ്യം ഉയര്‍ത്തിയപ്പോഴും അത്തരമൊരു വിഷയം സര്‍ക്കാരിന്റെ പരിഗണനയില്‍ ഇല്ലെന്നായിരുന്നു സ്മൃതി ഇറാനിയുടെ മറുപടി.

വളരെ കുറച്ച് സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും മാത്രമേ ആര്‍ത്തവസമയത്ത് കഠിനമായ വേദനയും അസ്വസ്ഥതകളുമുണ്ടാകുന്നുള്ളൂവെന്നും മിക്ക കേസുകളിലും മരുന്ന് കഴിച്ചാല്‍ ഇതൊഴിവാക്കാമെന്നും മന്ത്രി രേഖാമൂലം മറുപടി നല്‍കി.

Exit mobile version