ഒഡീഷയെ തകര്‍ത്തെറിഞ്ഞ് ഫോനി ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി, വീടുകള്‍ തകര്‍ന്നു! ഇതുവരെ ജീവന്‍ പൊലിഞ്ഞത് രണ്ട് പേര്‍ക്ക്

ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം.

ഭുവനേശ്വര്‍: ആന്ധ്രാപ്രദേശില്‍ നിന്നും പൂര്‍ണ്ണമായി മാറിയ ഫോനി ചുഴലിക്കാറ്റ് ഇപ്പോള്‍ ഒഡീഷയെയാണ് തകര്‍ത്തെറിയുന്നത്. 240 കിമീ വേഗതയില്‍ വീശിയടിച്ച ചുഴലിക്കാറ്റില്‍ ഒഡീഷയുടെ പല ഭാഗങ്ങളും ഇന്ന് നാമവശേഷമാക്കി. അതിശക്തമായ കാറ്റില്‍ പല മരങ്ങളും കടപുഴകി വീണു. വീടുകള്‍ തകര്‍ന്നു. പലയിടങ്ങളിലും വന്‍ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. ഇതുവരെ രണ്ട് പേരുടെ ജീവന്‍ നഷ്ടപ്പെട്ടതായാണ് വിവരം.

ആന്ധ്രാപ്രദേശിലെ മൂന്ന് ജില്ലകളെ ഫോനി ബാധിച്ചിട്ടുണ്ട്. നാശ നഷ്ടങ്ങളും സംഭവിച്ചിട്ടുണ്ട്. ഫോനി തീരം വിട്ടതോടെ ആന്ധ്രാപ്രദേശില്‍ നല്‍കിയ ജാഗ്രതാ നിര്‍ദേശം പിന്‍വലിച്ചു. ഒഡീഷ തീരത്തേയ്ക്ക് പൂര്‍ണ്ണമായും നീങ്ങിയ ചുഴലിക്കാറ്റ് അടുത്ത മൂന്ന് മണിക്കൂര്‍ നേരത്തേയ്ക്ക് കൂടി ശക്തമാകുമെന്ന് തന്നെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അതീവ ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും നല്‍കുന്നുണ്ട്.

ഒഡീഷയിലൂടെ നീങ്ങുന്ന കാറ്റ് പതിയെ പശ്ചിമബംഗാളിലേക്ക് എത്തും എന്നാണ് വിവരം. അവിടെ നിന്നും ബംഗ്ലാദേശിലേയ്ക്ക് കടക്കുമ്പോഴേയ്ക്കും കാറ്റിന്റെ തീവ്രത കുറയുമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. ചുഴലിക്കാറ്റ് വീശിയടിക്കും എന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഭുവനേശ്വര്‍ വിമാനത്താവളം അടച്ചിട്ടിരുന്നു. കാറ്റിന്റെ വേഗത കൂടിയതോടെ കൊല്‍ക്കത്ത വിമാനത്താവളവും അടച്ചു. കൊല്‍ക്കത്തയില്‍ നിന്നുള്ള 200 ഓളം വിമാനങ്ങള്‍ റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

കിഴക്കന്‍-കിഴക്കന്‍ പടിഞ്ഞാറന്‍ മേഖലകളില്‍ നിന്നുള്ള 250-ഓളം തീവണ്ടികളും റദ്ധാക്കി. 5000ത്തോളം ദുരിതാശ്വാസ ക്യാംപുകളും സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 15 ജില്ലകളില്‍ നിന്നും ഏകദേശം പതിനൊന്നര ലക്ഷത്തോളം ജനങ്ങളെയാണ് ഒഴിപ്പിച്ചത്. ഗജം ജില്ലയില്‍ നിന്നും മാത്രം 3 ലക്ഷം പേരെയാണ് ഒഴിപ്പിച്ചത്. പുരിയില്‍ ഒന്നര ലക്ഷം പേരേയും മാറ്റിപാര്‍പ്പിച്ചു. 24 മണിക്കൂര്‍ എങ്കിലും വീടിനുള്ളില്‍ സുരക്ഷിതരായി തുടരണം എന്നാണ് പൊതുജനങ്ങള്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്. വീശിയടിക്കുന്ന ചുഴലിക്കാറ്റിനു പുറമെ ശക്തമായ മഴയും ഉണ്ട്.

Exit mobile version