വരള്‍ച്ചയില്‍ വലഞ്ഞ് കര്‍ണാടക; ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി എച്ച്ഡി കുമാരസ്വാമി; പ്രതിഷേധം

കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ ഈ തീരുമാനം.

ബംഗളൂരു: വരള്‍ച്ച രൂക്ഷമായതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ വരള്‍ച്ചയെ നേരിടാന്‍ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. കാലവര്‍ഷം ദുര്‍ബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടര്‍ന്നാണ് കുമാരസ്വാമിയുടെ ഈ തീരുമാനം. അതേസമയം, കുമാരസ്വാമിയുടെ ഈ തീരുമാനത്തില്‍ വിമര്‍ശനവുമായി കര്‍ഷക സംഘടനകളും ബിജെപിയും രംഗത്തെത്തി.

കര്‍ണാടകയിലെ 26 ജില്ലകളിലായി 2150 ഗ്രാമങ്ങള്‍ വരള്‍ച്ചാ ബാധിതമാണ്. കുടിവെളളം പോലും ഇവിടെ കിട്ടാക്കനിയാണ്. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം. വരള്‍ച്ച നേരിടാന്‍ സര്‍ക്കാര്‍ നടപടികള്‍ പര്യാപ്തമല്ലെന്ന വിമര്‍ശനം സജീവമാണ്. ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് വക മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പ്. കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാന്‍ ശൃംഗേരി മഠത്തിന് നിര്‍ദേശം നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അതേസമയം, യാഗത്തിനല്ല ദുരിതാശ്വാസ പദ്ധതികള്‍ നടപ്പാക്കുന്നതിനാവണം പരിഗണനയെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൂജയ്ക്ക് മുടക്കുന്ന പണം കുടിവെളളമെത്തിക്കാന്‍ ഉപയോഗിക്കണമെന്ന് കര്‍ഷക സംഘടനകളും ആവശ്യപ്പെട്ടു.

Exit mobile version